എഷ്യാഡ് അപ്പു

 
ഏഷ്യാഡ് അപ്പു.
*****************
പഴയ കാലത്തെ ചെറിയ ഒരു അറിവ്,പുതിയ തലമുറയ്ക്ക്.
ലോകത്തെല്ലായിടത്തും നടക്കുന്ന പ്രധാന കായിക മാമാങ്കങ്ങള്‍ക്കൊക്കെ ഇത്തരത്തിലുള്ള ഭാഗ്യചിഹന്ങ്ങള്‍ കാണാം.പൊതുജനങ്ങളെ ഗെയിംസുമായി കോര്‍ത്തിണക്കാന്‍ സഹായിക്കുന്ന കണ്ണികള്‍.1972 മുതല്‍ ഒളിമ്പിക്‌സിനും ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.യുവാക്കളെയും കുട്ടികളെയും മുതിര്‍വരെയും ഒരു പോലെ ഒളിമ്പിക്‌സിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയാണ് ഭാഗ്യചിഹ്നങ്ങളുടെ കര്‍ത്തവ്യം. ഒളിമ്പിക്‌സ് എന്ന മഹാമേള പൊതുവായി ഉദ്‌ഘോഷിക്കുന്ന ഒരു സന്ദേശമുണ്ട്. പരസ്പരമുള്ള മത്സരത്തിനിടയിലും സമാധാവവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന മഹത് സന്ദേശം. സാര്‍വ്വത്രികമായ ഈ സന്ദേശത്തിന്റെ പ്രധാന വാഹകരാണ് ഓരോ ഒളിമ്പിക്‌സിന്റെയും ഭാഗ്യ മുദ്രകള്‍.
ഏഷ്യന്‍ ഗെയിംസിന്റെ പിറവി
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടന്റേയും പോര്‍ച്ചുഗലിന്റേയും മറ്റും കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചര്‍ച്ചകള്‍ തുടങ്ങി. ഈ അവസരത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി പ്രതിനിധി ഗുരുദത്ത് സോധിയാണ് ഏഷ്യന്‍ ഗെയിംസ് എന്ന ആശയം മുന്നോട്ട് വെച്ചത്. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യവും കായിക മികവും മെച്ചപ്പെടുത്താന്‍ ഇത് ഉതകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടര്‍ ചര്‍ച്ചകളുടെ ഫമമായി 1949 ഫെബ്രുവരി 13-ന് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപം കൊണ്ടു.

ആദ്യ ഗെയിംസ് നമ്മുടെ മണ്ണില്‍
ആദ്യ ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിന് ഭാഗ്യം ലഭിച്ചത് നമ്മുടെ രാജ്യത്തിനാണ്. 1950-ല്‍ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ മേള നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മത്സര ഒരുക്കങ്ങളിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം 1951-ലാണ് ആദ്യ ഏഷ്യാഡ് നടന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്തു. ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയമായിരുന്നു മത്സരവേദി. 24 സ്വര്‍ണ മെഡലുകളുമായി ജപ്പാനാണ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. രണ്ടാം സ്ഥാനം 15 സ്വര്‍ണം നേടിയ ഇന്ത്യക്കായിരുന്നു. 8 സ്വര്‍ണവുമായി ഇറാന്‍ മൂന്നാം സ്ഥാനത്തെത്തി.
1982- ലെ ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നം ഏഷ്യാഡ് അപ്പു
അപ്പുവിനെ ഓര്‍ക്കുന്നില്ലേ…?ഒരുകാല്‍ അല്‍പ്പമുയര്‍ത്തി, മറ്റേക്കാലില്‍ ശരീരം ബാലന്‍സ് ചെയ്ത്, നിവര്‍ന്ന് നിന്ന്, ഇരു കൈകളും വശങ്ങളിലേക്ക് വിടര്‍ത്തി, ഇച്ചിരി ചാഞ്ഞ്, നൃത്ത ചുവടുകള്‍ വയ്ക്കുകയാണെന്ന തോന്നലുളവാക്കി കുടവയറും കാട്ടി ചിരിച്ച് നില്‍ക്കുന്ന കുട്ടികൊമ്പന്‍. ഏഷ്യാഡ് അപ്പു എന്ന പേരില്‍ പ്രസിദ്ധനായ കറുമ്പന്‍ ആനക്കുട്ടി. ഇന്ത്യ രണ്ടാമത് ആതിഥേയത്വം വഹിച്ച 1982 ലെ ദല്‍ഹി ഏഷ്യാഡിലെ ഭാഗ്യചിഹ്നമായിരുന്നു അപ്പു എന്ന കുട്ടിയാന. 
30 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ ഏഷ്യാഡിന് വീണ്ടും ആതിഥ്യമരുളിയത്. 1982-ല്‍ നടന്ന ഒമ്പതാം ഏഷ്യന്‍ ഗെയിംസ് വീണ്ടും ഡെല്‍ഹിയില്‍ അരങ്ങേറി. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയമായിരുന്നു പ്രധാന മത്സരവേദി. 33 രാജ്യങ്ങള്‍ പങ്കെടുത്തു. 61 സ്വര്‍ണവുമായി ചൈന ചാമ്പ്യന്മാരായപ്പോള്‍ ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായി. ദക്ഷിണ കൊറിയ മൂന്നാം സ്ഥാനം നേടി.

മേളയുടെ ആകര്‍ഷണമായിരുന്നു ഭാഗ്യചിഹ്നമായ അപ്പു എന്ന കുട്ടിയാന. ഗുരുവായൂര്‍ ആനക്കോട്ടയിലെ കുട്ടിനാരായണനെന്ന കുട്ടിക്കൊമ്പനാണ് അപ്പുവായി കായിക പ്രേമികളുടെയാകെ ഓമനയായി മാറിയത്.

അപ്പുവിന്റെ വിയോഗം
***********************
1982-ലെ ഡല്‍ഹി എഷ്യാഡിലെ ഭാഗ്യചിഹ്നമായിരുന്ന എഷ്യാഡ് അപ്പുവെന്ന ആനക്കൊമ്പന്‍ കുട്ടിനാരായണന്‍ ചെരിഞ്ഞു.
മെയ് 14 , 2005 ഒരു ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ഗുരുവായൂരിലെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വച്ചാണ് അപ്പു ചരിഞ്ഞത്.
1995-ല്‍ ഒരു ക്ഷേത്രചടങ്ങിനു ശേഷം മടങ്ങവേ അബദ്ധത്തില്‍ ഒരു സെപ്റ്റിക് ടാങ്കില്‍ വീണ് മുന്‍കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിന് ശേഷം അപ്പു രോഗനിലയിലായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്റെയും മറ്റും സഹായത്തോടെയാണ് അപ്പുവിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. പതിനേഴു വര്‍ഷമായി അപ്പു നിന്നാണ് ഉറങ്ങിയിരുന്നത്. പ്രശസ്ത ആനചികിത്സകന്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ചികിത്സയിലായിരുന്നു അപ്പു.
1982-ല്‍ എഷ്യാഡിനെത്തിയ ആനകളില്‍ ഏറ്റവും ചെറുതായിരുന്ന അപ്പു ലോകശ്രദ്ധ നേടിയിരുന്നു. തൃശൂരില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് അന്ന് അഞ്ചു വയസുണ്ടായിരുന്ന ആനയെ എഷ്യാഡിനെത്തിച്ചത്. വാനോളം പ്രശസ്തി നേടിയ അപ്പുവിനോടുള്ള ആദരസൂചകമായി എഷ്യാഡ് മത്സരത്തിലെ പ്രമുഖ വേദിയായ ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റേഡിയ കവാടത്തില്‍ അപ്പുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ...

1 Comments

Previous Post Next Post

نموذج الاتصال