ആനക്കൂട്ടത്തിൽ ഒന്നിന് മരണം സംഭവിച്ചാൽ...


 

ആനക്കൂട്ടത്തിൽ ഒന്നിന് മരണം സംഭവിച്ചാൽ...

*******************************

ചില കാര്യങ്ങളിൽ ആനകൾ മനുഷ്യരുടെ പോലെ സമാനമായ രീതിയിലുള്ള പെരുമാറ്റങ്ങൾ കാണാൻ സാധിക്കും. ഒരു പക്ഷെ സസ്തനി വർഗ്ഗത്തിൽ പ്പെട്ടതുകൊണ്ടാകാം.കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ എൺപത്തി അഞ്ച് മടങ്ങ് ശരീരഭാരം സാധാരണ ഗതിയിൽ ആനകൾക്കുണ്ട്.മനുഷ്യരെപ്പോലെതന്നെ ആനകൾക്കും സങ്കീർണമായ വികാരങ്ങളും ബുദ്ധിയും ലക്ഷ്യവും ഉണ്ട്. ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ് എന്നാൽ നല്ല ശ്രവണശേഷിയുണ്ട് എന്നുള്ളതാണ്..ആനകൾ കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ജീവികളാണ്. എട്ടു മുതൽ നൂറു വരെ ആനകളുള്ള കൂട്ടങ്ങളായാണ് ഇവ ജീവിക്കുന്നത്.ഇവരുടെ ജീവിതരീതി

സാധാരണയായി ഒറ്റയ്ക്കോ ചെറു ആൺകൂട്ടങ്ങളായോ ആണ് ജീവിക്കുക. ഇവരുടെ ജീവിതചര്യ കളിലെ ചില കാര്യങ്ങളിൽ ഒന്ന് നമുക്ക് നോക്കാം..

ചിന്നം വിളിക്കും,ഉയർത്താനും തിരിച്ചു കിടത്താനും ശ്രമിക്കും.. ഉറ്റവരുടെ വേർപാടിൽ വേദനിക്കുന്ന ആനകൾ...

തങ്ങളുടെ കൂട്ടത്തിൽ പെട്ട ഏതെങ്കിലും ജീവി മരണമടഞ്ഞാൽ അവയ്ക്കു സമീപത്തേക്ക് സഹജീവികൾ കൂട്ടമായെത്തുന്നതും മറ്റും കാണാറുണ്ട്. എന്നാൽ കൂട്ടത്തിൽ പെട്ട ഒന്ന് മരണമടഞ്ഞാൽ ദീർഘകാലത്തേക്ക് അതിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് ആൾകുരങ്ങ് തിമിംഗലം, ഡോൾഫിൻ, ആന എന്നീ ചുരുക്കം ചില ജീവികൾ മാത്രമാണ്. ഇതിൽ തന്നെ ആനകൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതേപ്പറ്റി വിശദമായ പഠനങ്ങൾ നടന്നിരുന്നില്ല. കൂട്ടത്തിൽ ഏതെങ്കിലും ആന മരണപ്പെട്ടാൽ അവയ്ക്ക് പ്രത്യേക പരിഗണന നൽകി ആനകൾ ദുഃഖം ആചരിക്കാറുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ.



മരണപ്പെട്ടവയുമായി നേരിട്ട് ബന്ധമില്ലാത്ത ആനകളും ദുഃഖാചരണത്തിൽ പങ്കുകൊള്ളാറുണ്ടെന്നും പ്രിമേറ്റ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ആഫ്രിക്കൻ ആനകളിലെ രണ്ടു വിഭാഗമായ സാവന്ന ആനകളെയും ആഫ്രിക്കൻ ഫോറസ്റ്റ് ആനകളെയും കുറിച്ച് 12 ഉറവിടങ്ങളിൽ നിന്നായി ശേഖരിച്ച നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിനുപുറമേ കെനിയയിലെ സമ്പുരു നാഷണൽ റിസർവിൽ ഗവേഷകർ നേരിട്ടുള്ള നിരീക്ഷണവും നടത്തി.

കൂട്ടത്തിൽ ഒന്ന് മരണപ്പെട്ടാൽ അവയ്ക്ക് സമീപമെത്തി ജഡം സൂക്ഷ്മമായി പരിശോധിക്കുന്നത് ആനകളുടെ പൊതുസ്വഭാവമാണെന്ന് പഠനത്തിൽ തെളിഞ്ഞതായി സാൻഡിയാഗോ സൂ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസർവേഷൻ റിസർചിലെ ഗവേഷകനായ ഡോക്ടർ ഷിഫ്ര ഗോൾഡൻ ബർഗ് പറയുന്നു. ജഡം കാണുന്നത് മുതൽ അഴുകലിന്റെ പലഘട്ടങ്ങളിലും അവ ഒറ്റയായും കൂട്ടമായും പലതവണ മരണമടഞ്ഞവരുടെ സമീപമെത്താറുണ്ട്. എന്നാൽ ഇങ്ങനെ എത്തുന്ന ഓരോ ആനകളുടെയും പെരുമാറ്റം പലതരത്തിലായതിനാൽ ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം ഇനിയും വ്യക്തമാകാനുണ്ട്. 

ഉദാഹരണത്തിന് ഒരു പിടിയാന ചരിഞ്ഞപ്പോൾ അതിനു സമീപമെത്തിയ മകളുടെ കണ്ണിനും ചെവിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വിയർപ്പ് ഗ്രന്ഥിയിൽ നിന്നും അമിതമായി ജലം പ്രവഹിക്കുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തി. അമ്മയുടെ വേർപാടിലുള്ള വികാരതീവ്രത മൂലമാവാം ഇതെന്നാണ് വിലയിരുത്തലെന്ന് ഗോൾഡൻബർഗ് കൂട്ടിച്ചേർത്തു.

ചില സമയങ്ങളിൽ ചരിഞ്ഞ ആനകളെ തിരിച്ചറിയാൻ സമീപമെത്തുന്നവ മണം പിടിക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തി. അവയെ ഉയർത്താനും തിരിച്ചു കിടത്താനുമെല്ലാം കൂട്ടത്തിലുള്ളവ ശ്രമിക്കുന്നു. മരണപ്പെട്ട ഒന്നിനെ കണ്ടെത്തിയാൽ ആ വിവരം ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി മറ്റുള്ളവയെ അറിയിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 


ജീവികളിൽ ഏറെ ബുദ്ധിയുള്ളവയായാണ് ആനകളെ കണക്കാക്കുന്നത്. സമൂഹവുമായി ഇടപെടുന്നതിനും അനുകമ്പ പ്രകടിപ്പിക്കുന്നതിനും കാര്യങ്ങൾ ഓർത്തു വയ്ക്കുന്നതിനുമെല്ലാം പ്രത്യേക കഴിവാണ് ആനകൾക്കുള്ളത്. വളർച്ചയുടെ ഒരു ഘട്ടം വരെ മാതാവിനോടൊപ്പം മാത്രം ജീവിക്കുന്ന ആനകൾ അതിനുശേഷം കൂട്ടത്തോടൊപ്പം ചേരുകയാണ് ചെയ്യുന്നത്. തനിക്കൊപ്പമുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനും മരണപ്പെട്ടവയെ അടക്കം കൂട്ടത്തിൽ പെട്ട ഓരോന്നിനെയും തിരിച്ചറിയുന്നതിനും അവയ്ക്ക് സാധിക്കാറുണ്ട്.

കടപ്പാട്... മനോരമ.. ഹാരീസ് നൂഹു...

Previous Post Next Post

نموذج الاتصال