തുമ്പിക്കൈകൊണ്ട് സ്പർശിക്കുന്നത്.

 തുമ്പിക്കൈകൊണ്ട് സ്പർശിക്കുന്നത്.

**************************************

ആനകൾ എല്ലാ വസ്തുക്കളിലും തുമ്പിക്കൈകൊണ്ട് സ്പർശിക്കുന്നത് എന്തിന്?

നമ്മൾ മനുഷ്യർ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ കാട്ടിലെ ഏത് ജീവികൾക്കും പെട്ടെന്ന് തിരിച്ചറിയാനാകും.നമ്മുടെ പാദങ്ങൾ വെയ്ക്കുമ്പോൾ തന്നെ ശബ്ദങ്ങൾ ഉയരും. പക്ഷേ, ഒരു കൂട്ടം ആനകൾ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ അത് തിരിച്ചറിയില്ല. അത്ര നിശ്ശബ്ദമായിരിക്കും അവയുടെ സഞ്ചാരം.അവ കാട്ടിൽ നിൽക്കുന്നതും നമ്മൾ പെട്ടെന്ന് തിരിച്ചറിയില്ല. അതുപോലെ അനാവശ്യമായി മറ്റുള്ള ജീവികളെ ആനക്കൂട്ടം ഉപദ്രവിക്കാറില്ല.

ആനക്കൂട്ടത്തിൽ ഏറ്റവും പ്രായംചെന്ന പിടിയാനയായിരിക്കും കൂട്ടത്തെ നയിക്കുക. ആ ആനയുടെ നിർദേശം മറ്റെല്ലാ ആനകളും കേൾക്കും.കൊമ്പനാനകൾ എല്ലായ്പ്പോഴും കൂട്ടത്തിന് പുറത്തായിരിക്കും സഞ്ചരിക്കുക. ആനക്കുട്ടികളെ എല്ലാ ആനകളും ശ്രദ്ധാപൂർവം നോക്കും.ആനകൾക്ക് ഒട്ടുമിക്ക ഗന്ധങ്ങളും തന്റെ തുമ്പിക്കൈ എന്ന മൂക്കിലൂടെ തിരിച്ചറിയാനാകും.ആനകൾ എന്തിലും തുമ്പിക്കൈകൊണ്ട് സ്പർശിക്കുന്നത് നാം കാണാറുണ്ട്. പല ജന്തുക്കളും ഇണയെ ആകർഷിക്കുവാനും, ശത്രുക്കളെ ഭയപ്പെടുത്തുവാനും ഫെറോമോൺസ് എന്ന ആന്തരസ്രവങ്ങൾ മൂത്രത്തിലൂടെയും മറ്റും പുറത്തുവിടാറുണ്ട്. ഫെറോമോൺസിൽനിന്നുള്ള സന്ദേശം പിടിച്ചെടുക്കാൻ ആനയുടെ വായിൽ ഒട്ടനവധി പ്രത്യേകതകളോട് കൂടിയ ഒരു സംവിധാനമുണ്ട്. അവയുടെ ആശയ വിനിമയങ്ങൾക്ക് ആ ഭാഗം ഏറെ പ്രാധാന്യമുള്ളവയാണ്.തുമ്പിക്കൈ കൊണ്ട് ആന എന്തിലെങ്കിലും സ്പർശിച്ചു കഴിഞ്ഞാൽ തുമ്പിക്കൈ നേരെ വായിലേക്കാണ് കൊണ്ടുപോകുന്നത്. അത് നേരത്തെ പറഞ്ഞ ഇടത്ത് തൊട്ട് തേച്ചിട്ടാണ് എന്താണെന്ന് തിരിച്ചറിയുന്നത്. അല്ലാതെ ആന അത് രുചിച്ചു നോക്കുന്നതല്ല. ഇത് അവയുടെ ഗന്ധങ്ങളുടെ ഓർമ അറകളിൽ കുറിച്ചിടുന്ന പ്രവൃത്തിയാണ്.

കുറച്ചു കാര്യങ്ങൾ കൂടി...ഒരു ഫോട്ടാഗ്രാഫറുടെ ചില അനുഭവങ്ങൾ കൂടി....

ഒരിക്കൽ മുളംചുവട്ടിൽ പാതി മറഞ്ഞും മറയാതെയും ക്യാമറയുമായി കുറച്ചപ്പുറമുള്ള പുൽപ്പരപ്പിൽ മേയുന്ന ആനക്കൂട്ടത്തെ നോക്കി യിരിക്കുമ്പോഴാണ് കൂട്ടത്തിൽനിന്നും ഒരു കുട്ടിക്കുറുമ്പൻ ഫോട്ടോഗ്രാഫർ ഇരിക്കുന്ന വശത്തേക്ക് ഓടി എത്തിയത്, ഫോട്ടോഗ്രാഫർ പരിഭ്രമിച്ചോ? അദ്ദേഹത്തിൻ്റെ തൊട്ടുമുന്നിൽ വിടർത്തിപ്പിടിച്ച ചെവികളുമായി നിന്നു. പിന്നെ ആ കൊച്ചു തുമ്പിക്കൈ നീട്ടി ഗന്ധം പിടിച്ചു. അപ്പോഴേക്കും ആനക്കൂട്ട ത്തിൽനിന്നും ഒരു ശാസനരൂപത്തിൽ ശബ്ദം ഉയർന്നതും കുട്ടിയാന പിന്തിരിഞ്ഞു പാഞ്ഞതും ഒന്നിച്ചായിരുന്നു. ആനക്കൂട്ടം ഫോട്ടോ ഗ്രാഫറെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിലവ വലിയ കോലാഹലമുണ്ടാക്കി വന്നേനെ.


ഇത്തരം കുട്ടിയാനകളെ കൂട്ടത്തിലുള്ള എല്ലാ ആനകളും ഓമനിക്കുന്നതും സംരക്ഷിക്കുന്നതും കാണാം. ഒരിക്കൽ ആനക്കൂട്ടം കാട്ടിലേക്കു പിന്തിരിയുകയാണ്. ഒരു കുട്ടിയാന മണ്ണിലങ്ങനെ എല്ലാം മറന്ന് കളിക്കുന്നു. വലിയ ആന ആദ്യം ചെറുശബ്ദത്താൽ അവനെ വിളിച്ചു. അവനത് കേൾക്കാതെ കളിയിൽ മുഴുകി. അപ്പോൾ ആനക്കൂട്ടത്തിലെ തലമുതിർന്ന പിടിയാന വന്നു അവനു നേരെ പിന്തിരിഞ്ഞു നിന്നിട്ട് വാലുവെച്ച് രണ്ട് തട്ട്. കുട്ടിയാന ഉടനെ കളി നിർത്തി ആനക്കൂട്ടത്തിനിടയിലേക്ക് ഓടി.

ചിലപ്പോൾ മുൻകാലുകൾകൊണ്ട് തട്ടിയും തുമ്പിക്കെകൊണ്ട് തോണ്ടിയുമൊക്കെ കുഞ്ഞുങ്ങളോട് വലിയ ആനകൾ സംവദിക്കുന്നതുകാണാം. ചെറിയ ശബ്ദങ്ങളിലെ വ്യത്യാസങ്ങൾ വാൽ ആട്ടുന്ന രീതികൾ ഒക്കെ ശ്രദ്ധിച്ചാൽ അത് തിരിച്ചറിയുവാനാകും.


അതുപോലെ കടുവയുടെ സാന്നിധ്യം അറിയുമ്പോഴായിരിക്കും കുഞ്ഞുങ്ങൾക്ക് വലിയ ആനകളിൽനിന്നും ശാസനകൾ കൂടുതൽ കിട്ടുക. കുഞ്ഞുങ്ങൾക്കാണെങ്കിൽ അടങ്ങി നിൽക്കാനാകില്ല. അവ വഴിയിൽ കണ്ടതൊക്കെ തൊട്ടും മണത്തും പിടിച്ചുവലിച്ചും ഓടി നടക്കും. രാത്രികാലങ്ങളിൽ വലിയ ആനകൾ ചിഹ്നം വിളികളോടെ കടുവയെ തുരത്താൻ ശ്രമിക്കുന്നതു കേൾക്കാം, അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ വലിയ കൊമ്പന്മാർ ആനക്കൂട്ടത്തിനരികിലേക്ക് ചെല്ലുന്നതും കാണാം. അവ രണ്ടുമൂന്നുദിവസം കൂട്ടത്തോടൊപ്പം സശ്രദ്ധം നടക്കുന്നു. പിന്നെ കടുവയുടെ നിഴൽപോലും ആ ഭാഗത്ത് കാണില്ല.


മനുഷ്യസാന്നിധ്യമുള്ള ഇടങ്ങളിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോൾ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കൊണ്ടുപോകുന്നതു കാണാം. അവയും ഭയന്നായിരിക്കും കടന്നുപോകുക. ഭൂമിയിലെ ഏറ്റവും വലിയ സസ്തനിയുടെ ഏറ്റവും വലിയ ശത്രു എല്ലാക്കാലത്തും മനുഷ്യൻ തന്നെ.എപ്പോഴും ആനക്കൂട്ടങ്ങളുടെ അരികിലേക്ക് നടന്നടുക്കുമ്പോൾ നാം തനിച്ചായിരിക്കുവാൻ ശ്രദ്ധിക്കുക. ഭയാലുക്കളുമായി അവയ്ക്കരികിലേക്ക് പോകാതിരിക്കുക. കുഞ്ഞിനൊപ്പമുള്ള ഏതു ജീവിയും തികഞ്ഞ ജാഗ്രതയിലായിരിക്കും എന്ന് ഓർമിക്കുക. അവയുടെ മുന്നറിയിപ്പുകൾ തിരിച്ചറിയുക.

കടപ്പാട്.. മാതൃഭൂമി 

ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ....

Previous Post Next Post

نموذج الاتصال