ആനയും പഴമൊഴികളും
************************
പഴഞ്ചൊല്ലുകൾ, പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവസമ്പത്തിൽ നിന്നുളവായ മുത്തുമണികൾ. ചെറുവാക്യമോ വാക്യങ്ങളോ ആയി കാണപ്പെടുന്ന പഴമൊഴികളിൽ വലിയ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.നമ്മൾ ഒരുപാട് ഒരുപാട് പഴഞ്ചോല്ലുകൾ ദിവസവും കേൾക്കുന്നുണ്ട് പറയുന്നുണ്ട്, പക്ഷെ പല ചെല്ലുകളുടെയും വ്യാഖ്യാനങ്ങൾ നമുക്ക് അറിയാൻ സാധിക്കില്ല.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പഴഞ്ചോല്ലുകൾ ഉണ്ടന്നുളളതാണ്.താഴെ കുറച്ചു ചൊല്ലുകൾ ആനയെ കുറിച്ച് പറയുന്നു.അച്ഛൻ പാപ്പാൻ ആയതുകൊണ്ട് മകൻ്റ്റ പുറകിൽ തഴമ്പു വരണമെന്ന് ഇല്ലല്ലോ.....
ആനയ്ക്ക് ആനയുടെ വണ്ണമറിയില്ലെന്നൊരു ചൊല്ലുണ്ട്. വലിയൊരു പാറക്കെട്ടിന്റെ വലിപ്പമുണ്ട് ആനയ്ക്ക്. ആനയോടെതിരിടാന്‍ കെല്പുള്ള ഏതു ജീവിയുണ്ട് ഈ ഭൂലോകത്ത്? പറഞ്ഞിട്ടെന്താ കാര്യം. തന്റെ വലിപ്പവും തന്റെ കരുത്തും എത്രത്തോളമുണ്ടെന്ന് ആനയ്ക്കറിയില്ല. ആത്മവിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വലിയ ജീവി എന്നു വേണം പറയാന്‍. അല്ലെങ്കില്‍ പിന്നെ മനുഷ്യന്‍ എന്ന നിസ്സാര മൃഗത്തിനെ കാണുമ്പോള്‍ ആന ചൂളിപ്പോകുന്നതെന്തിനാണ്.
അവന്‍ ഇടത്താനേ എന്നു പറയുമ്പോള്‍ ആന ഇടത്തോട്ടു തിരിയും. വലത്താനേ എന്നു പറയുമ്പോള്‍ വലത്തോട്ടു തിരിയും. തന്നെ കൂച്ചു വിലങ്ങിടാന്‍ വരുന്നവനെ ചവിട്ടിയരച്ച് ചമ്മന്തിപ്പരുവമാക്കാന്‍ ആനയ്ക്ക് അരനിമിഷം മതി.
പക്ഷേ ആന അങ്ങനെ ചെയ്യില്ല. എന്താണു കാരണമെന്നറിയാമോ? അത്ര വലിയ ശരീരത്തിന് ഇത്ര ചെറിയ കണ്ണ്. അതാവട്ടെ പെരുംതലയുടെ ഇരുവശങ്ങളിലായിട്ടാണ് പിടിപ്പിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തിലേക്കുള്ള കാഴ്ച മറച്ചുകൊണ്ട് മുറംപോലെയുള്ള രണ്ടു ചെവികള്‍. തീരെച്ചെറിയ കണ്ണുകളുള്ള ആനയുടെ ധാരണ വളരെച്ചെറിയൊരു ജീവിയാണ് താന്‍ എന്നാണ്.
നമ്മില്‍ പലരുടേയും അവസ്ഥ ഇതാണെന്നു തോന്നുന്നു. സ്വന്തം കഴിവുകളില്‍ തീരെ വിശ്വാസമില്ല. ആത്മവിശ്വാസം അല്‍പംപോലുമില്ല. നിങ്ങളില്‍ ഒരു സിംഹം ഉറങ്ങിക്കിടക്കുന്നുണ്ട്; വിളിച്ചുണര്‍ത്തുക എന്ന് വിവേകാനന്ദ സ്വാമികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നമ്മളിങ്ങനെ ആരുടേയോ കാരക്കോലിനെ പേടിച്ച്, കൂച്ചുവിലങ്ങിടാന്‍ വരുന്നവര്‍ക്ക് കാലു നീട്ടിക്കാണിച്ച്, തോട്ടി കാണുമ്പോഴേക്കും ഒന്നും രണ്ടും സാധിച്ച് -
ആനയ്ക്ക് ആനയെപ്പറ്റി നല്ല അഭിപ്രായമില്ലെങ്കിലും ആനയെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. പണ്ടുതൊട്ടേ അങ്ങനെയാണ്. ആനക്കമ്പം മൂത്ത് പൂരപ്പറമ്പുകളില്‍നിന്ന് പൂരപ്പറമ്പുകളിലേക്ക് ഓടിയെത്തുന്ന ഏറെപ്പേരുണ്ട് നമ്മുടെ ഈ നാട്ടില്‍. പ്രത്യേകിച്ച് തൃശ്ശൂരു ഭാഗത്ത്.
പഴമൊഴികളില്‍ ആന എപ്പോഴും കടന്നുവരുന്നു. ആനയെച്ചൂണ്ടിയാണ് പഴമക്കാര്‍ പല കാര്യങ്ങളും സമര്‍ത്ഥിക്കുന്നത്.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടില്ല:
*****************************************
പ്രതാപിയായി വാണ ഒരു പ്രമാണി എല്ലാം നഷ്ടപ്പെട്ട് ഒന്നുമില്ലാത്തവനായാലും ആ മനുഷ്യനെ ഏഴാംകൂലിയായി കണക്കാക്കേണ്ടെന്നാണ് ഈ പഴമൊഴികൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആന ചത്താലും പന്തീരായിരം:
******************************
പത്തു രൂപയ്ക്ക് ഒരു പവന്‍ കിട്ടുന്ന കാലത്തും ഒരാനയെ വാങ്ങണമെങ്കില്‍ ഉറുപ്പിക പന്തീരായിരം എണ്ണി
ക്കൊടുക്കണം. ആന ചെരിഞ്ഞാ ലും മുടക്കിയ പണം പാഴാകുന്നില്ല. ആനയുടെ കൊമ്പ്, പല്ല്, നഖം - എല്ലാം വിലപിടിച്ചതാണ്. പക്ഷെ ഇപ്പോൾ ഈ പഴമൊഴിയിൽ അർത്ഥമില്ലാതായി, ഇൻഷൂറൻസ് ഉളള ആനകൾക്ക് നാലു ലക്ഷം വരെ സർക്കാർ കൊടുമെങ്കിലും ദഹിപ്പിക്കൽ, യാത്ര ചിലവ് ഇതിനൊക്കെ തന്നെ വൻതുക ചിലവാകും. കൂടാതെ കൊമ്പുകൾ തുടങ്ങിയ സാധനങ്ങൾ സർക്കാർ കൊണ്ടുപോകും.
ആനപ്പുറത്തിരിക്കുമ്പൊ വേലി പൊളിക്കാന്‍ തോന്നും:
*******************************
അധികാരം കയ്യിലുള്ളപ്പോള്‍ ആളുകളെ ഉപദ്രവിക്കുന്നതില്‍ രസം കാണുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ പ്രത്യേകം ഓര്‍മ്മിക്കുക. ആനപ്പുറത്തുനിന്ന് ഇറങ്ങേണ്ട സമയം വരും. ആരുടെ യൊക്കെയാണോ വേലി പൊളിച്ചത് അവരെയൊക്കെ അന്ന് ഒളിച്ചു നടക്കേണ്ടി വരും. അങ്ങനെ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ പഴമൊഴി.
ആന പിണ്ടിയിടുന്നതു കണ്ട് മുയലു മുക്കരുത്:
*************************************
അങ്ങേലെ വീട്ടുകാരന്‍ ബെന്‍സു കാറു വാങ്ങി. എനിക്കും ബെന്‍സു കാറു വാങ്ങണമെന്ന് ഇങ്ങേലെ വീട്ടുകാരനു വാശി. അങ്ങേലെ വീട്ടുകാരന് അതിനുള്ള പണമുണ്ട്. സൗകര്യമുണ്ട്. ഇങ്ങേലെ വീട്ടുകാരനാണെങ്കില്‍ അരിയും മണ്ണെണ്ണയും വാങ്ങാനുള്ള വഴിയില്ല. അതുകൊണ്ടാണ് പറയുന്നത്, മുയലേ വെറുതേ മുക്കരുത്.
ആനയെ വാങ്ങാം; തോട്ടി വാങ്ങാന്‍ വയ്യ:
*****************************************
അതിവില കൊടുത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി. അതിലൊരു രണ്ടുനില വീടും വെച്ചു. ചുറ്റുമതിലു കെട്ടി. മുറ്റത്ത് ടൈലൊട്ടിച്ചു. പക്ഷേ ഗേറ്റു വെച്ചില്ല. കാശില്ല. അതുകൊണ്ട് മുളമ്പടി വെച്ചു. ആനയെ വാങ്ങാം, തോട്ടി വാങ്ങാനാണോ പാട്?
അടി തെറ്റിയാല്‍ ആനയും വീഴും:
*********************************
ഞാന്‍ കേമന്‍ എന്ന് അഹങ്കരിക്കുന്നവരോട് പഴമക്കാര്‍ക്ക് ഇതാണ് പറയാനുള്ളത്. ചോടുപിഴയ്ക്കാതെ സൂക്ഷിക്കണം. അടിതെറ്റിയാല്‍ ആനപോലും വീണുപോകും.
ആന കൊടുത്താലും ആശ കൊടുക്കരുത്:
*******************************************
അത് പാപമാണെന്നാണ് പഴമക്കാരുടെ പക്ഷം. വെറുതേ മോഹിപ്പിക്കരുത്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം പറയുക. പറയുന്ന കാര്യങ്ങള്‍ ചെയ്യുക. നാടു ഭരിക്കുന്ന മന്ത്രിമാരേ, ഈ പഴമൊഴി നിങ്ങള്‍ക്കു ചേരും.
കാട്ടിലെ തടി. തേവരുടെ ആന. വലിയെടാ വലി:
******************************************
ഇതാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ കാട് ജനങ്ങളുടേതാണ്. തേവരും ജനങ്ങളുടെ തേവരാണ്. തേവരുടെ ആനയും അവരുടെയാണ്. അതു മറക്കാതിരിക്കുക.
അടയ്ക്ക കട്ടാലും ആന കട്ടാലും പേര് കള്ളനെന്ന്.
***************************************
അടക്കപോലെ നിസാരമായ വസ്തുവും ആനപോലെ വലിയ വിലപിടിപ്പുള്ള വസ്തുവും മോഷ്ടിച്ചാൽ അത് മോഷണം എന്ന കുറ്റകൃത്യത്തിലാണ് പെടുക. മോഷണത്തിന് വലിപ്പച്ചെറുപ്പമില്ല.മോഷ്ടിക്കുന്നവനെ കള്ളൻ എന്നു തന്നെയാണ് വിളിക്കുക.
ആനയ്ക്ക് പട്ട തിന്നണം, ശീവേലി നന്നാവണംന്നില്ല:
***********************************
ഇത് ആനയെപ്പറ്റി മോശമായിപ്പറയുന്ന ഒരു പഴഞ്ചൊല്ലാണ്. ചില ഉദ്യോഗസ്ഥന്മാരെപ്പറ്റിയെങ്കിലും ഇതു ശരിയല്ലേ? ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ആ ഉദ്യോഗത്തിലിരുന്നുകൊണ്ട് സമൂഹത്തിനു വേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാം. അങ്ങനെയാണല്ലോ അദ്ദേഹം ചെയ്യേണ്ടത്. എന്നിട്ടോ, തനിക്ക് മാസാമാസം ശമ്പളം മേടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു തസ്തിക. അങ്ങനെയാണ് ആ ഉദ്യോഗസ്ഥന്‍ ചിന്തിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിച്ച് ആനയെ ക്ഷേത്രത്തിനകത്ത് കൊണ്ടുവന്നിരിക്കുന്നത് ശീവേലിക്കു വേണ്ടിയാണ്. എന്നാലോ ഈ ആനയ്ക്ക് പട്ട തിന്നാന്‍ മാത്രമാണ് ഉത്സാഹം. പട്ട തിന്നാന്‍ വേണ്ടി മാത്രം ക്ഷേത്രത്തിനകത്ത് കേറിക്കൂടുന്ന ആയിരക്കണക്കിന് ആനകളുണ്ട് നമ്മുടെ സര്‍ക്കാരോഫീസുകളില്‍. ശീവേലിക്കെഴുന്നള്ളിക്കാനാണ് ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നതെന്ന് എപ്പോഴെങ്കിലുമൊന്ന് ഈ ആനകള്‍ ഓര്‍ക്കുകയാണെങ്കില്‍ എത്ര നന്നായി!ഇനിയും വേറെ ഒരുപാട് പഴമൊഴികൾ ഉണ്ട്.
കടപ്പാട് പ്രകാശന്‍ ചുനങ്ങാട്/നൂഹൂ
ആനകഥൾക്കു വേണ്ടി... ഹാരീസ് നൂഹൂ...