ലോകത്തിൽ സങ്കരയിനമായി പിറന്ന ഒരേയൊരു ആനകുട്ടി.....മോട്ടി
സങ്കരയിനമായി പിറന്ന ഒരേ ഒരു ആനയാണ് മോട്ടി. ഈ കൊമ്പനാന 1978 ജൂലൈ 11ന് ഇംഗ്ലണ്ടിലെ ചെഷയറിലുള്ള ചെസ്റ്റർ മൃഗശാലയിൽ വച്ച് ഷേബ എന്ന ഏഷ്യൻ പിടിയാനയ്ക്കും ജമ്പോലിനോ എന്ന ആഫ്രിക്കൻ കൊമ്പനാനയ്ക്കും ഉണ്ടായ കുട്ടിയാണ്. ജനിച്ച് പന്ത്രണ്ട് ദിവസത്തിനുശേഷം ഈ ആന ചെരിഞ്ഞു. വിവിധ വർഗ്ഗങ്ങളിലുള്ള ആനകൾ തമ്മിൽ സാധാരണ ഇണ ചേരാറില്ല. ചെസ്റ്റെർ മൃഗശാലയിലെ ഈ ഏഷ്യൻ പിടിയാനയും ആഫ്രിക്കൻ ആനയും പല തവണ ഇണ ചേർന്നെങ്കിലും ഒരു ഗർഭധാരണം അസാധ്യമാണെന്നാണ് ആദ്യം കരുതിയിരുന്നത്.
മോട്ടിയുടെ കവിൾ, ചെവികൾ (നീളത്തിലും കൂർത്തതും), കാലുകൾ (മെലിഞ്ഞതും നീളമുള്ളതും) എന്നിവ ആഫ്രിക്കൻ ആനകളുടേതുപോലെയും, നഖങ്ങൾ (5 മുന്നിലും, 4 പിന്നിലും) അറ്റത്ത് ഒറ്റ വിരൽ ഉള്ള തുമ്പിക്കൈ എന്നിവ ഏഷ്യൻ ആനകളുടേത് പോലെയും ആയിരുന്നു. ധാരാളം മടക്കുകൾ ഉള്ള തുമ്പിക്കൈ ആഫ്രിക്കൻ ആനകളുടേത് പോലെയായിരുന്നു. നെറ്റി ചെരിഞ്ഞ് ഒറ്റ മുഴയും പിന്നിൽ രണ്ട് ചെറിയ മുഴകളും ആയി രണ്ട് വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു. ശരീരം ആഫ്രിക്കൻ ആനകളുടേത് പോലെയായിരുന്നെങ്കിലും ഏഷ്യൻ ആനകളുടേതുപോലെയുള്ള മുതുകും ആഫ്രിക്കൻ ആനകളുടേത് പോലെ പിന്നിൽ ഒരു കൂനും ഉണ്ടായിരുന്നു.
x
വളരെ ശ്രദ്ധയോടെ പരിചരിച്ചിരുന്നെങ്കിലും പൊക്കിളിലെ അണുബാധ മൂലം ജനിച്ച് പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും മോട്ടി മരണമടഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത് മരണകാരണം കുടൽ ജീർണനം (necrotic-enterocolitis), ഇ. കോളി അതീവ അണുബാധ (E. coli septicaemia) എന്നിവ കാരണമാണെന്നാണ്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഈ ആനയെ ഇപ്പോഴും സ്റ്റഫ് ചെയ്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.