ആനയുടെ മദപ്പാട് അല്ലെങ്കിൽ നീരുകാലം

 ആനയുടെ മദപ്പാട് അല്ലെങ്കിൽ നീരുകാലം

*****************************************




ആനയുടെ മദപ്പാടിനെക്കുറിച്ച് നമ്മൾ ഒരുപാട് പോസ്റ്റുകൾ വായിച്ചിട്ടുണ്ട്,മദപ്പാടിൽ നിൽക്കുന്ന ആനകളെ കണ്ടിട്ടുണ്ട്,മറ്റുള്ളവർ പറഞ്ഞിട്ടുളള/കേട്ടിട്ടുളള, പല തരത്തിലുള്ള അറിവുകൾ അങ്ങനെ പലതും.ആനയെ സംബന്ധിച്ച് എറ്റവും ഭീകരമായ അല്ലെങ്കിൽ ഭയങ്കരമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സമയം ആണ്.പ്രായമായ മനുഷ്യന് അൾഷീമേഴസ് വരുമ്പോൾ പഴയകാലം മറക്കുന്ന അതേ അവസ്ഥയാണ് ആനയുടെ മദക്കാലം.ഇംഗ്ലീഷിൽ മദപ്പാടിനെ മസ്ത് എന്നാണ് പറയുന്നത്.


തലയുടെ ഇരുവശത്തും ചെവിയ്ക്കും കണ്ണിനും ഇടയിലുള്ള കന്നപ്രദേശത്തെ കന്നക്കുഴിയിലെ തൊലിക്കടിയിലാണ് മദഗ്രന്ഥി .ഇതിൽ നിന്നുള്ള നാളി കന്നപ്രദേശത്തെ കന്നത്തുളയിലൂടെ പുറത്തേക്ക് തുറക്കുന്നു.

മുതിർന്ന കൊമ്പനാനകൾ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു. വളരെ ഉത്തേജിതമായ അല്ലെങ്കിൽ ദേഷ്യം പിടിച്ച മട്ടിലുള്ള പെരുമാറ്റവും തലയുടെ വശത്തുള്ള ഗ്രന്ഥിയിൽ നിന്ന് വരുന്ന കട്ടിയുള്ള ടാർ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കുമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ. ലൈംഗികമായ ഉത്തേജനവും തന്റെ മേൽക്കോയ്മ തെളിയിക്കാനുമുള്ള ശ്രമവും ആണ് ഈ മദപ്പാട് ഉണ്ടാകാനുള്ള കാരണം. 


ആനകളിൽ നടത്തിയ പഠനങ്ങളിൽ മദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആനകളിലെ പുരുഷഹോർമോണായടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അസംതൃപ്തി, വർദ്ധിച്ച ലൈംഗികാസക്തി, ആവശ്യത്തിന് ഇണചേരാൻ സാധിക്കാതെ വരുക, ആനകളോടുള്ള ക്രൂരത, കാലാവസ്ഥാ വ്യതിയാനങ്ങൾ, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കായ്ക, വിശ്രമമില്ലായ്മ, ജോലിഭാരം എന്നിവയാണ്‌ ആനകളിൽ മദം ഇളകാനുള്ള കാരണങ്ങൾ.

വളരെ അപൂർവമായി ചില ആനകളിൽ വർഷത്തിൽ രണ്ട് പ്രാവശ്യം മദപാട് കാണാറുണ്ട്.ചിലപ്പോൾ പ്രകൃതിയുടെ ചില പ്രതിഭാസം ആയിരിക്കും, അല്ലെങ്കിൽ ആനകളുടെ ശരീരത്തിലുള്ള ഹോർമോണുകളുടെ വ്യതിയാനം കൊണ്ടായിരിക്കാം.നമുക്കറിയാം മലയാലപ്പുഴ രാജൻ വർഷത്തിൽ രണ്ട് പ്രാവശ്യം മദപാട് കാണിക്കുന്നതായി.


15 ദിവസം മുതൽ മൂന്നുമാസം വരെ മദക്കാലം നീണ്ടുനിൽകാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് 5-7 മാസം വരെയും കാണാറുണ്ട്. തണുപ്പുകാലത്താണ് മദപ്പാട് കൂടുതലായും കണ്ടുവരുന്നത്. സ്വഭാവഘടന ആസ്പദമാക്കി മദകാലത്തെ മദത്തിനു മുൻപുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.

മദത്തിനു മുന്ന് മദഗ്രന്ഥികൾ വീർത്തിരിക്കും. ഇവയിലൂടെ നീർ പുറത്തേക്കൊലിച്ചിറങ്ങും.

മദമിളകിയ ആന, നാട്ടാനയായാലും കാട്ടാനയായാലും മനുഷ്യർക്ക് ഈ സമയത്ത് വളരെ അപകടകാരിയാണ്.ആനയുടെ അടുത്ത് പോകുന്നവർ വളരെ ശ്രദ്ധയോടെയും അകലം പാലിക്കാൻ ശ്രമിക്കുകകയും വേണം.ചിലപ്പോൾ നല്ല ഏറുകൾ കിട്ടാൻ സാധ്യത കൂടുതലാണ്.


ആനയുടെ മദപ്പാടിന് 7 ഘട്ടങ്ങൾ ഉണ്ട്.

*************************************


ഘട്ടം 1 : നീർ വീക്കത്തിന്റെ ആരംഭം. അപ്പോൾ നഖം, കൊമ്പ്, കണ്ണ് എന്നിവയ്ക്ക് തേൻ നിറമാകും. കടക്കണ്ണിൽ ചുവപ്പിന്റെ നേരിയ ലാഞ്ചനയും കാണാം. ശരീരത്തിൽ പുള്ളിക്കുത്തുകൾ കണ്ടെന്നു വരാം. കൂട്ടാനകളുമായി ശണ്ഠകൂടും. പൂഴിയിലും ജലത്തിലും കൂടുതൽ സമയം ചെലവഴിക്കും.


ഘട്ടം 2 : മദഗ്രന്ഥിയിൽ നിന്ന് മദജലം ഊറി ഇറങ്ങിതുടങ്ങും. ഇതിനെ നീരൊഴുക്ക് എന്നാണ് പറയുക. കൈ എത്താനാവാത്ത അകലത്തിലുള്ളവ പോലും വകവരുത്താനുള്ള പുറപ്പാടാണ് പിന്നെ.

ഘട്ടം 3 : ഈ സമയം നിലയ്ക്കാത്ത നീരോഴുക്കാണ്‌. ഇടയ്ക്കിടെ ചരിഞ്ഞ നോട്ടം, ശിശ്നത്തിൽ നിന്ന് നീരൊഴുക്ക്, വിപരീത പ്രതികരണം, അത്യുച്ചത്തിലുള്ള ഗര്ജ്ജനം, ചങ്ങലയിട്ടു തളയ്ക്കപ്പെട്ട അമർഷം, അതിദ്രുത ഗമനം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.


ഘട്ടം 4 : എന്തിനെയും തകർക്കാൻ പോരുന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. യുദ്ധത്തിൽ മദയാനകൾ ശത്രു പക്ഷത്തിന്റെ കുതിരകളെയും രഥങ്ങളെയും നശിപ്പിക്കും. ഈ മദയാനകൽക്ക് പാലപ്പൂവിന്റെയോ താമരയുടെയോ ഗന്ധമുണ്ടാകും. മദജലത്തിനു കുങ്കുമ നിറമായിരിക്കുമത്രേ.

ഘട്ടം 5 : തീറ്റ, ജലപാനം, വിശ്രമം എന്നുവേണ്ട എല്ലാറ്റിനോടും താൽപ്പര്യ കുറവ് കാട്ടും. എന്നാൽ ക്രോധാവേശം കെട്ടടങ്ങാറുമില്ല. രാത്രിയുടെ വിജനതയിൽ അനങ്ങാതെ ഒരേ ഒരു നില്പ്പായിരിക്കും.


ഘട്ടം 6: ഈ സമയം ആനകൾ കുതിച്ചു പായാനുള്ള പ്രവണതയാണ് സദാനേരവും കാട്ടുന്നത്. സകലതിനെയും വകവരുത്താനുള്ള ദുഷ്ട വാഞ്ഛയാണ് ഈ സമയത്ത്. രോഷാന്ധരായ ഇവയ്ക്കു ഒരിടത്തും അടങ്ങി നിൽക്കാൻ കഴിയില്ല. സ്വന്തം നിഴലിനോട്‌ പോലും ശത്രുത മനോഭാവമാണ്. മറ്റാനകളുടെ സാന്നിധ്യം ഈർഷയുണ്ടാക്കും.

ഘട്ടം 7 : മദജലപ്രവാഹം നിലയ്ക്കുന്നതാണ് ഈ ഘട്ടം. ക്രോധാവേശത്തിന്റെ തീവ്രതയും നീരോഴുക്കിനോടൊപ്പം ഇല്ലാതാകും. ആലസ്യ ഭാവവും ഏറെക്കുറെ മാറിയിട്ടുണ്ടാകും. ഒരു കനത്ത മഴപെയ്ത് തോർന്ന അവസ്ഥയാണ് അപ്പോൾ..

ഇതിനു ശേഷമാണ് പാപ്പാൻമാർ ആനകളെ വീണ്ടും അഴിച്ച് പുറത്തിറക്കുന്നത്.

കടപ്പാട്:കൃഷ്ണനുണ്ണി/നൂഹൂ


തിരുമാന്ധാംകുന്ന് ആനപ്രേമികളക്ക് വേണ്ടി...നൂഹൂ...

1 Comments

Previous Post Next Post

نموذج الاتصال