ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും..

ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും...ആരായാലും ഓടും
********************************


അന്നോടിയ ബോറിസ് ഇന്ന് ബ്രിട്ടീഷ്  പ്രധാനമന്ത്രി....പലർക്കും അറിയാത്ത ഒരു സംഭവ കഥ...

കൃഷ്ണകുമാറിന്റെ മകളുടെ വിവാഹഫോട്ടോ.ബോറിസ് ജോൺസൺ.
തിരുവനന്തപുരം∙ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും? ഓടും, ഓടണം. ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതിൽ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയിൽ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവർ പരിഭ്രാന്തരായി ഓടിയതും.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എസ്.കൃഷ്ണകുമാറിന്റെ മകള്‍ ഐശ്വര്യയുടേതായിരുന്നു വിവാഹം. 2003 ജൂണിലാണു സംഭവം. ഐശ്വര്യയും കബീര്‍സിങും യുകെയില്‍ പഠിക്കുമ്പോഴാണു പരിചയപ്പെടുന്നതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ബോറിസ് ജോണ്‍സന്റെ ആദ്യ ഭാര്യ മറീന വീലര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. മറീനാ വീലറുടെ അനന്തരവനാണു കബീര്‍സിങ്. മറീനയുടെ അമ്മ ഡിപ് വീലര്‍ വിവാഹം കഴിച്ചതു വിഖ്യാത എഴുത്തുകാരന്‍ ഖുഷ്‌വന്ത് സിങിന്റെ സഹോദരന്‍ ദല്‍ജിത് സിങിനെയാണ്.
ഖുഷ്‌വന്തിന്റെ മൂത്ത സഹോദരന്റെ കൊച്ചുമകനാണു കബീര്‍സിങ്. കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ബോറിസ് ജോണ്‍സനും ഭാര്യയും അഞ്ചു ദിവസത്തോളം കേരളത്തിലുണ്ടായിരുന്നു. അന്നു കോണ്‍ഗ്രസ് നേതാവായിരുന്ന കൃഷ്ണകുമാര്‍ മകളുടെ വിവാഹം രാജകീയമായി നടക്കണമെന്നാണ് ആഗ്രഹിച്ചത്. ഭാര്യയുടെ കുടുംബ ക്ഷേത്രമായ തിരുവട്ടാര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഗോള്‍ഫ് ക്ലബിലും കോവളത്തുമായിരുന്നു വിവാഹ സല്‍ക്കാരം.
അമ്പലത്തിലെ ആന നാഗര്‍കോവില്‍ ദേവസ്വത്തിന്റേതായിരുന്നു. വിവാഹ സമയത്താണു തുമ്പിക്കൈ വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് ആന ഇടഞ്ഞത്. ആളുകള്‍ ഓടി. ബോറിസ് ജോണ്‍സനും കൂട്ടത്തിലുണ്ടായിരുന്നു. ചിലര്‍ക്കു പരിക്കുപറ്റി. വരന്റെ അച്ഛന്‍ ആനയുടെ പിടിയില്‍നിന്ന് കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ‘ആന നേരത്തെ പലരെയും ആക്രമിച്ചിട്ടുണ്ടെന്നു പിന്നീടാണ് അറിഞ്ഞത്. ഭാഗ്യത്തിന് ആര്‍ക്കും വലിയ പരുക്കുകളുണ്ടായില്ല. കല്യാണം മംഗളമായി നടന്നു’- കൃഷ്ണകുമാര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

ഐശ്വര്യയും കബീര്‍സിങും ഇപ്പോള്‍ അമേരിക്കയിലാണു താമസം. കോണ്‍ഗ്രസ് വിട്ട കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബോറിസ് ജോണ്‍സനും ഭാര്യയും വേര്‍പിരിഞ്ഞു. ആന ഇടഞ്ഞതിനെക്കുറിച്ച് ചോദിച്ച ബോറിസ് ജോണ്‍സനോട് കൃഷ്ണകുമാര്‍ തമാശയായി ഇങ്ങനെ പറഞ്ഞു: ‘കേരളത്തില്‍ പ്രധാന ചടങ്ങുകളിൽ ആന ഇടയുന്നത് സാധാരണമാണ്. ആനയുടെ ആക്രമണത്തെ അതിജീവിക്കുന്നവര്‍ക്ക് എന്തിനെയും മറികടന്നു നേട്ടങ്ങളുണ്ടാക്കാനാകും’.
അന്നു പത്രപ്രവര്‍ത്തകനായിരുന്ന ബോറിസ് ജോണ്‍സന്‍ ഇക്കാര്യം ലേഖനമെഴുതി പ്രസിദ്ധീകരിച്ചു

കൃഷ്ണകുമാറിന്റെ അന്നത്തെ തമാശ പിന്നീടു സത്യമായി. 2008- 2016 വരെ ബോറിസ് ജോണ്‍സന്‍ ലണ്ടൻ മേയറായി. പിന്നീട് വിദേശകാര്യമന്ത്രി. ഇപ്പോൾ ബ്രിട്ടൻ പ്രധാനമന്ത്രിയെന്ന ഉന്നത പദവിയിലുമെത്തി. ആനയ്‌ക്കെതിരില്ല; ആശയ്‌ക്ക് അതിരും. അന്നത്തെ ഓട്ടമോർത്ത് ബോറിസ് ചിരിക്കുന്നുണ്ടാകും.

അന്ന് പ്രശ്നം ഉണ്ടാക്കിയത് എത് ആനയാണെന്ന് പറയുന്നില്ല. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിശദമായ ഒരു പോസ്റ്റ് ഇടുന്നതാണ്...

English Summary: British PM Boris Johnson’s close encounter with a Kerala elephant.....
കടപ്പാട്: മനോരമ..
ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ...
Previous Post Next Post

نموذج الاتصال