കണ്ണൂർ
‘ജീവിതം അവസാനിച്ചെന്നു കരുതിയ നിമിഷം. പിന്നെ ഭീതിയുടെ മണിക്കൂർ. കാബൂൾ വിമാനത്താവളത്തിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് താലിബാന്റെ കെെയിൽ അകപ്പെട്ടത്’. അഫ്ഗാനിൽനിന്ന് തിരിച്ചെത്തിയ തലശേരി കോടിയേരി മാടപ്പീടികയിലെ ദിദിൽ രാജീവിന് ഇപ്പോഴും നടുക്കം മാറുന്നില്ല. ആറുമണിക്കൂർ അവരുടെ പിടിയില്. പാസ്പോർട്ടും മൊബൈലും അവർ പരിശോധിച്ചു. സ്ത്രീകളെയും അഫ്ഗാനികളെയും വിട്ടശേഷമാണ് ഇന്ത്യക്കാരെ വിട്ടത്. വിവരം കുടുംബാംഗങ്ങളെ അറിയിച്ചില്ല. രക്ഷപ്പെട്ട് ഡൽഹിയിൽ എത്തിയശേഷമാണ് അമ്മയെ വിളിച്ചത്. അഫ്ഗാൻ വലിയ ഭീതിയിലാണ്. പ്രശ്നമില്ലെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും ആരും അത് വിശ്വസിക്കില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നേടാനോ കഴിയില്ല’–- ദിദിൽ പറഞ്ഞു.
കാബൂളിൽ ലോജിസ്റ്റിക്സ് ബിസിനസിനായാണ് ഒമ്പതുവർഷം മുമ്പ് അഫ്ഗാനിലെത്തിയത്. എട്ടുമാസംമുമ്പ് നാട്ടിൽ വന്ന് മടങ്ങി. ഇന്ത്യക്കാരുമായി കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ വിമാനത്തിലാണ് ദിദിലും മടങ്ങിയത്. തിങ്കൾ ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ദിദിലിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ എത്തി. കേന്ദ്ര-, സംസ്ഥാന സർക്കാരുകളും നോർക്കയും വലിയ പിന്തുണ നൽകി. സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായും ദിദിൽ പറഞ്ഞു.

.jpg)