എരണ്ടക്കെട്ടും നമ്മുടെ ഗജസമ്പത്തും

എരണ്ടക്കെട്ടും നമ്മുടെ ഗജസമ്പത്തും
*************************************

ഒരു പഴയ കഥയിൽ നിന്ന് തുടങ്ങാം,
ആന ചരിഞ്ഞത് പുലര്‍ച്ചെ മൂന്നു മണിക്ക്. നിമിഷ നേരത്തിനകം ജനങ്ങള്‍ പാഞ്ഞെത്തി. വരുന്നവര്‍ വരുന്നവര്‍ ആനയുടെ അരികില്‍ പോയി കരയുന്നു. ചിലര്‍ റീത്തു വയ്ക്കുന്നു. മറ്റു ചിലര്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു. സ്ഥലം തൃശൂരാണ്. ആന ജീവന്റെ ജീവനാണ് ആളുകള്‍ക്ക്. ഓരോ ദേശങ്ങളിലുമുണ്ട് ആനകള്‍. ആ ദേശത്തെ മെഗാസ്റ്റാര്‍. ചരിഞ്ഞ ആന മെഗാസ്റ്റാറുകളുടെ സ്റ്റാര്‍ ആണെങ്കിലോ?... അതാണ് അന്നു പുലര്‍ച്ചെ തൃശൂരില്‍ സംഭവിച്ചത്. പൂരങ്ങളുടെ നായകന്‍ തിരുവമ്പാടി ശിവസുന്ദര്‍. ആനയെ അവസാനമായി ഒരു നോക്കു കാണാന്‍. യാത്രാമൊഴി ചൊല്ലാനാണ് ദേശക്കാരുടെ നീണ്ടനിര ഉണ്ടായിരുന്നത്.ഇതാണ് നമ്മൾ,ശിവസുന്ദർ ചരിഞ്ഞപ്പോൾ നമ്മൾ കണ്ട കാഴ്ച. നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആനയും നമ്മുടെ നാട്ടിലെ ആനപ്രേമികളും തമ്മിലുള്ള ബന്ധം, അതാണ് മലയാളികൾ. എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ആനകൾ ചരിയുന്നു, ഒരു തിരിഞ്ഞുനോട്ടം.


സമ്പന്നമായ ഒരു ഗജസമ്പത്തും ആനക്കമ്പവും കേരളത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പൊക്കമുള്ള ആനകളായിരുന്ന ചെങ്ങല്ലൂർ രംഗനാഥൻ, നാണുഎഴുത്തശ്ശൻ ശിവശങ്കരൻ (കണ്ടമ്പുള്ളി ബാലനാരായണൻ) തുടങ്ങി പേരുകേട്ട കൊമ്പന്മാർ ഒരുകാലത്ത് കേരളത്തിനു സ്വന്തമായിരുന്നു.ഒന്ന് ആലോചിച്ച് നോക്കൂ കഴിഞ്ഞ രണ്ട് രണ്ട് മൂന്ന് വർഷങ്ങളിലായി നമ്മുടെ ഗജസമ്പത്തുകളിലുണ്ടായ നഷ്ടം ഒരിക്കലും നമുക്ക് സഹിക്കാവാനോ അല്ലങ്കിൽ മറക്കാനോ പറ്റുന്നതല്ല.എറ്റവും വലിയ നഷ്ടം ശിവസുന്ദറും, അടിയാട്ട് അയ്യപ്പനും, അതും ഒരു കുടുമ്പത്തിൽ തിന്നും. അതു മാത്രമോ ഈ വർഷം 2020/19/18 എത്ര ആനകൾ നമ്മളെ വിട്ടു പോയി, ഇന്നലെ രാവിലെ കൂടി ഒരു ആന നമ്മളെ വിട്ടുപോയി, ചാന്നാനിക്കാട് വിജയ സുന്ദർ. ഇവന് എരണ്ടക്കെട്ടു വന്ന് വെറും ഇരുപത് ദിവസത്തിൽ താഴെ മാത്രം, എന്നിട്ടും ആന ചരിഞ്ഞു. എന്താണ് ഇത്രയും ആനകൾ ചയരിയാനുള്ള കാരണം. മെഡിക്കൽ സയൻസിൽ ഇത്രയും പുരോഗമന ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ആനകൾക്ക് ഉണ്ടാകുന്ന ദഹനക്കേടിന് എരണ്ടക്കെട്ട് എന്നാണു പറയുന്നത്.
X XX
ഇന്നും ആകാരപ്പെരുമയിൽ ഒന്നാമനായി നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ അഭിനയിച്ച ചിറക്കൽ കാളിദാസനും, ത്രിക്കടവൂരിന്റെ നായകൻ ശിവരാജു, ലക്ഷണപ്പെരുമയുടെ കാര്യത്തിൽ മുമ്പനായ പാമ്പാടി രാജനുമെല്ലാം കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ഒരു ദിവസത്തെ ഏക്കത്തിനു ലക്ഷങ്ങൾ വിലയുള്ള, പേരുകേട്ട സിനിമാ താരങ്ങളേക്കാളും രാഷ്ട്രീയ നേതാക്കന്മാരേക്കാളും സ്പോർട്‌സ് താരങ്ങളേക്കാളും 'ക്രൗഡ് പുള്ളർമാരായ' ആനകളുണ്ട് കേരളത്തിൽ എന്നത് മലയാളിയുടെ ആനക്കമ്പത്തെ അടയാളപ്പെടുത്തുന്നു.
എന്നാൽ ഇത്തരം ആനക്കാര്യങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില കറുത്ത യാഥാർഥ്യങ്ങളെ സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കുന്നത് സമീപഭാവിയിൽ വലിയ ദുരന്തത്തിലേക്ക് വഴി മാറും എന്നതിന്റെ അനവധി സൂചനകൾ വന്നു കഴിഞ്ഞു. ഒടുവിൽ തിരുവമ്പാടി ശിവസുന്ദർ മുതൽ ഇന്നലെ ചരിഞ്ഞ ചാന്നാനിക്കാട് ആന വരെ,ഇതിനോട് നമുക്ക് കൂട്ടിവായിക്കണം.
പതിനഞ്ചു വർഷമായി തൃശ്ശൂർ പൂരനഗരിയിലെ മണൽത്തരികൾ പോലും ആവേശം കൊള്ളുന്ന കാഴ്ചയാണ് നടുവിൽ മഠത്തിൽ നിന്നും മേളത്തിന്റെ അകമ്പടിയോടെ ആരവങ്ങൾക്ക് നടുവിലൂടെ തലയുയർത്തി ചെവിയാട്ടി സ്വർണക്കോലവും തലേക്കെട്ടുമായി മന്ദം മന്ദം നടന്നുവരുന്ന ശിവസുന്ദർ.
പ്രൗഢോജ്വലമായ ആ കാഴ്ച ഓർമയായി. നാട്ടാനകളുടെ ജീവന് ഇന്ന് ഏറ്റവും വലിയ ഭീഷണിയായ എരണ്ടക്കെട്ടിന്റെ പിടിയിൽ പെട്ട് അവൻ നിന്നത് അറുപത്തെട്ട് ദിവസം. ചികിത്സയ്ക്കും പ്രാർഥനകൾക്കും അവന്റെ ജീവൻ രക്ഷിക്കാനായില്ല, മാർച്ച് 11-ന് രാത്രി അവൻ വിടപറഞ്ഞു. 2002-ൽ തിരുവമ്പാടി ചന്ദ്രശേഖരന്റെ വിയോഗമാണ് പുതിയ ഒരു ആനയ്ക്കായുള്ള അന്വേഷണങ്ങൾക്ക് ഇടവരുത്തിയത്. തുടർന്ന് പൂക്കോടൻ ശിവനെന്ന സമാനതകളില്ലാത്ത ഗജസൗന്ദര്യത്തെ തിരുവമ്പാടിയിലേക്ക് എത്തിച്ചത് സുന്ദർമേനോൻ എന്ന പ്രവാസി വ്യവസായിയും. പേരും പെരുമയുമുള്ള മറ്റു പല ആനകളെയും പോലെ അകാലത്തിൽ ഒരിക്കലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ ശിവസുന്ദറിനുണ്ടായിട്ടില്ല. സുന്ദർമേനോന്റെ വീടിനോട് ചേർന്നുള്ള വിശാലമായ പുൽത്തകിടിക്ക് നടുവിലായി അവനു ഷെൽറ്റർ ഒരുക്കി. ഭക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റേയും കാര്യത്തിൽ വീഴ്ചകൾ ഇല്ലാത്ത നാളുകൾ.
ഇത്രയും ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന ആനകൾ വിരളമെന്ന് പറയാം. എന്നിട്ടും അവന്റെ ജീവൻ അകാലത്തിൽ പൊലിഞ്ഞു എന്നത് ഇന്ന് കേരളത്തിലെ ആനകൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് ഗൗരവപൂർവം ചില ആലോചനകളും സത്വരമായ നടപടികളും വേണം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ആനകള്‍ക്ക് നല്ല വിശ്രമയിടം ഒരുക്കുക എന്നത്. ഇത് ചെയ്യാത്ത ഉടമകളില്‍നിന്ന് ആനകളെ പിടിച്ചെടുത്ത് മുതല്‍ക്കൂട്ടാനും പരിപാലന ചെലവ് ഉടമകളില്‍നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, കേരളത്തില്‍ വിശ്രമകേന്ദ്രം ഒരുക്കിയത് 27 ആനകള്‍ക്ക് മാത്രം. ജീവി എന്ന പരിഗണന സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ എഴുന്നെള്ളിപ്പിന് വിലക്കുണ്ട്. ആചാരപ്രകാരം ഇതേസമയത്ത് എഴുന്നെള്ളത്ത് വേണ്ടിവരുന്ന തൃശ്ശൂര്‍ പൂരം പോലുള്ള ചടങ്ങുകള്‍ക്ക് ആനപ്പന്തലും നിലം നനയ്ക്കലും നടത്തും. പക്ഷേ, പല ഉത്സവങ്ങളിലും നടക്കാറില്ല.
പ്രധാനമായും താഴ പറയുന്ന കാര്യങ്ങൾ ആനകൾക്ക് വെല്ലുവിളികളിയി മാറിയിരിക്കുന്നത്.
*വിശ്രമം ഇല്ലാത്ത എഴുന്നെള്ളിപ്പ്, പണിയെടുപ്പിക്കല്‍ * മദകാലം നീട്ടിക്കൊണ്ടുപോകാന്‍ മരുന്ന് നല്‍കുന്നത്. മിക്ക ആനകള്‍ക്കും മദകാലം മഞ്ഞുകാലമാണ്. കേരളത്തിലെ ഉത്സവകാലം ഇതേസമയം. * മദം അടക്കിവെച്ചിരിക്കുന്നത് ആനകളുടെ അക്രമപ്രവണത കൂട്ടുന്നു. ആവശ്യത്തിന് വെള്ളം നല്‍കാതിരിക്കുക, ഉറക്കം നിഷേധിക്കുക തുടങ്ങിയവ മദംപൊട്ടല്‍ വൈകിപ്പിക്കും. * മികച്ച ആനചികിത്സകരുടെ കുറവ്. * മിക്ക മരണത്തിനും കാരണം ശ്വാസകോശ രോഗം, ഹൃദ്രോഗം, എരണ്ടകെട്ട് എന്നിവ. * പുതിയ പാപ്പാനെ പരിചയപ്പെടുത്താനുള്ള കെട്ടിയഴിക്കല്‍ . മുറിവു പോലെ ചില കാര്യങ്ങൾ എന്നിവ.
എന്നാലും കഴിഞ്ഞ മൂന്ന് മാസക്കാലത്തിൽ കൂടുതൽ ലോക്ക് ഡൗൺ ആയിരുന്നിട്ടും, എന്തുകൊണ്ട് വിജയിക്ക് എരണ്ടകെട്ട് ഉണ്ടായി എന്നുള്ളതാണ്, അവർക്ക് ആനയെ നടത്തിക്കാനും തടി പണിക്കും എല്ലാം ഇഷ്ട്ടം പോലെ സ്ഥലസൗകര്യവുമുണ്ട്, എന്നിട്ടും ഈതെങ്ങനെ സംഭവിച്ചു എന്നുള്ളത് ഒരു പിടിയും കിട്ടുന്നില്ല. അതു മാത്രമല്ല കഴിഞ്ഞ ആറുമാസത്തിനിടക്ക് രണ്ട് ആനകൾ നഷ്ടപ്പെടുക എന്നതും ഒരു മുതലാളിയെ സംബന്ധിച്ച് താങ്ങാവുന്നതിനുമപ്പുറമാണ്. നമുക്കെല്ലാം അറിയാം എന്താണ് എരണ്ടക്കെട്ട് എന്ന രോഗം, ഇന്ന് ചിലർ ചോദിച്ചു ഈ രോഗത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇടാൻ സാധിക്കുമോ എന്ന്.
ആന മരണങ്ങൾക്ക്
ഭീഷണിയാവുന്നത് എരണ്ടക്കെട്ട്
********************************
കേരളത്തിലെ ആനകളുടെ ആയുസ്സിന് ഇന്നേറ്റവും ഭീഷണിയായി മാറിയിരിക്കുന്നത് എരണ്ടക്കെട്ട് എന്ന അസുഖമാണ്. ഇതിനു പ്രധാന കാരണം വ്യായാമക്കുറവും ഭക്ഷണത്തിലെ അപാകങ്ങളുമാണ്. വിയർപ്പു ഗ്രന്ഥികൾ കുറഞ്ഞ കറുത്ത വലിയ ശരീരമുള്ള ആനയ്ക്ക് തണൽ ആവശ്യമാണ്. അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ നിന്ന് പൂർണമായും മാറ്റിക്കൊണ്ട് ഒന്നുകിൽ ഒരിടത്ത് കെട്ടിയിട്ട നിലയിലോ അല്ലെങ്കിൽ കൊടും വെയിലിൽ വലിയ ശബ്ദഘോഷങ്ങൾക്ക് നടുവിൽ ആഘോഷങ്ങളുടെ ഭാഗമായോ ആണ് ഭൂരിപക്ഷം നാട്ടാനകളുടേയും ജീവിതം.
പഴയ പോലെ ആനകളെ ഇപ്പോൾ തടിപിടിപ്പിക്കുന്നതുൾപ്പെടെ ഉള്ള ജോലികൾക്ക് അയയ്ക്കുന്നുമില്ല. സഞ്ചാരപ്രിയരായ ആനകൾ നാട്ടിൽ സഞ്ചരിക്കുന്നത് ലോറികളിലാണ്. ഇത്തരത്തിൽ വ്യായാമത്തിന്റെ അളവിൽ വലിയ കുറവ് സംഭവിക്കുന്നു. കാട്ടിൽ കിലോമീറ്ററുകൾ മേഞ്ഞു നടക്കുന്ന ആനകളുടെ പ്രധാന ഭക്ഷണം മുളയും പുല്ലും ഇലകളുമൊക്കെയാണ്.
വനാതിർത്തിയിലെ ഗ്രാമങ്ങളിൽ എത്തുമ്പോൾ ചക്കയും മാങ്ങയുമെല്ലാം അവ കഴിക്കുന്നു. അപൂർവമായി കൃഷിയിടങ്ങളിൽ ഇറങ്ങി തെങ്ങിന്റെയും കവുങ്ങിന്റെയും ഓലയും വാഴയും പച്ചക്കറികളും ഭക്ഷണമാക്കുന്നു. എന്നാൽ നാട്ടാനകളുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് ഈറൻ പനയുടെയും തെങ്ങിന്റെയും പട്ടയാണ്. ഒട്ടും വൈവിധ്യമില്ലാതെ ഈർക്കിൾ ഉൾപ്പെടുന്ന ഇത് തുടർച്ചയായി കഴിക്കുമ്പോൾ അതിന്റെ ദഹനപ്രക്രിയയ്ക്ക് പ്രശ്നങ്ങൾ വരുത്തിവെക്കുന്നു. അതോടൊപ്പം നാളികേരം, ശർക്കര, മലർ തുടങ്ങിയവ അടങ്ങിയ ഭക്ഷണവും എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാണ്.
നമ്മുടെ നാട്ടിലെ ആനകൾക്ക് അവിലും,ശർക്കരയും,കരിമ്പും,ചോറും,പനപട്ടയൂടെ തണ്ട് എല്ലാം നൽകുന്നത്‌ നല്ല കാര്യമാണ്. നമ്മുടെ നാട്ടിൽ കർക്കിടകമാസത്തിൽ വിവിധ ക്ഷേത്രങ്ങളിൽ ഗണപതിപൂജയും ആനയൂട്ടും പതിവാണ്‌.കാലങ്ങളായി ഇതു നടത്തുന്ന ശ്രീ വടക്കുന്നാഥക്ഷേത്രം പോലുള്ള ക്ഷേത്രങ്ങളെ കൂടാതെ പുതുതായി ചില ക്ഷേത്രങ്ങളിലും ആനയൂട്ട്‌ നടത്തുവാൻ ആരംഭിച്ചിരിക്കുന്നു.
എന്നാൽ മുറപ്രകാരം ഉള്ള ആഹാരവും മറ്റും അറിയാതെ ശർക്കരയും നെയ്യും കൊട്ടത്തേങ്ങയും ധാരാളം ആനകൾക്ക്‌ നൽകിയാൽ അത്‌ അവയുടെ ദഹനപ്രകൃയക്ക്‌ ഗുരുതരമായ തകരാറുണ്ടാക്കും.
എരണ്ടക്കെട്ട്‌ എന്ന പേരിൽ അറിയപ്പെടുന്ന ഇത്‌ പിന്നീട്‌ ഒരു പക്ഷെ ആ ആനയുടെ മരണത്തിനു തന്നെ കാരണമായേക്കാം.എരണ്ടക്കെട്ട്‌ അതും മുങ്കെട്ട്‌ വന്നാൽ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്‌.നമ്മുടെ ഗജവീരൻ കേരളത്തിലെ അറിയപ്പെടുന്നു പല കരിവീര ഗജകളും ഈ രോഗം കാരണം നമുക്ക്
നഷ്ടപ്പെട്ടു പോയി.
ആനയുടെ കുടലിൽ ദഹിക്കാതെ ഭക്ഷണം കെട്ടിക്കിടക്കുകയും സ്വാഭാവികമായി പുറംതള്ളാൻ ആകാതെവരുന്നു സമയം വൈകും തോറും പിന്നീട് അത് ഉറച്ച് കോൺക്രീറ്റ് പോലെ കട്ടിയുള്ളതാകുകയും ചെയ്യുന്നു. 170 അടിയോളം നീളമുള്ള കുടലിന്റെ പിൻഭാഗത്താണ് (പിൻ കെട്ട്) ഇത് സംഭവിക്കുന്നതെങ്കിൽ ചികിത്സകരോ പാപ്പാന്മാരോ കൈകൊണ്ട് എടുത്ത് കളയാൻ സാധിക്കും എന്നാൽ കുടലിന്റെ ആരംഭ ഭാഗത്ത്( മുൻകെട്ട് ) ആണെങ്കിൽ ഇത് സാധ്യമല്ല. ഭക്ഷണം കഴിക്കാതെ വരികയും ഒപ്പം ശരീരത്തിലെ ജലാംശം നഷ്ടമാകുകയും ചെയ്യുമ്പോൾ ആന അവശനിലയിലാകുകയും ചില സന്ദർഭങ്ങളിൽ ഇതോടൊപ്പം കുടലിൽ മുറികൾ ഉണ്ടായി പഴുക്കുകയും കൂടെ ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഒരുപക്ഷേ,ആനയുടെ മരണം സംഭവിക്കുകയും ചെയ്യാം. കേരളത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചരിഞ്ഞ അമ്പത്തെട്ട് ആനകളിൽ അമ്പത് ശതമാനത്തിലധികവും എരണ്ടക്കെട്ട് ആയിരുന്നു മരണ കാരണം. അലോപ്പതിയും ആയുർവ്വേദവുമാണ് പ്രധാനമായും ആനചികിത്സയ്ക്കായി നമ്മുടെ നാട്ടിൽ ആശ്രയിക്കുന്നത്. കേരളത്തിലെ ആന ചികിത്സാരംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളി സ്കാനിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്കായുള്ള സൗകര്യങ്ങൾ ഇല്ല എന്നതാണ്.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് സത്വര നടപടികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെ അലംഭാവം ഇന്ന് ആനകളുടെ ജീവൻ നഷ്ടപ്പെടുത്തുന്നതിൽ പ്രധാന ഘടകമാണ്. ആനകളെ നല്ല രീതിയിൽ പരിപാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനും കോടതികളിൽ ഇത്തരം കേസുകൾ യഥാവിധി കൈകാര്യം ചെയ്യുനതിനും വനം വകുപ്പ് തയ്യാറാകണം. ഇത്തരക്കാർക്ക് എതിരെ നിയമ ലംഘനനങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യം ഇല്ലതാക്കാനും സർക്കാരും സമൂഹവും മുൻകരുതൽ എടുക്കണം. ഓരോ ഗജങളും നമ്മുടെ സ്വന്തം ആണ്.കൈയെത്തും ദൂരത്തു നിന്നും ആവയെ
വിട്ടു കളയതിരിക്കാൻ നമുക്ക് പരിശ്രമിക്കാം.എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ച് മുന്നോട്ട് പോയാൽ ഒരു പരിധി വരെ നമുക്ക് ആനകളെ സംരക്ഷിക്കാൻ സാധിക്കും.
കടപ്പാട്:ചില സ്രോതസ്സുകൾ/നൂഹു
...ഹാരിസ് നൂഹൂ...
Previous Post Next Post

نموذج الاتصال