ആനകളുടെ നടത്തം... എന്താണ് നടയും അമരവും.


ആനകളുടെ നടത്തം...
എന്താണ് നടയും അമരവും.
***************************


ശരിക്കും പറഞ്ഞാൽ ആനകൾ നടക്കുന്നത് കാണാൻ എന്ത് രസമാണ്,എത്ര സമയം നോക്കിനിന്നാലും മതിവരികയില്ല.
നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?ഒരേ വശത്തെ മുന്‍കാലും പിന്‍കാലും ഒരുമിച്ചാണ് ആന മുന്നോട്ടു വയ്ക്കുന്നത്. അതു തന്നെ കാണാൻ ഒരു രസമല്ലേ.
ആനയുടെ മുൻകാലുകളെ നട എന്നും,പിൻ കാലുകളെ അമരം എന്നും വിളിക്കും. ആനകൾ എഴുന്നെള്ളി വരുന്ന ആ കാഴ്ച്ച എത്ര നോക്കി നിന്നാലും മതിയാകില്ല, പ്രതേകിച്ച് രാത്രിയിലെ എഴുന്നെള്ളിപ്പ് വളരെ ദൂരെ നിന്നും വരുന്ന കാഴ്ച തീവെട്ടിയുടെയും പ്രെട്രോമാക്സിൻ്റെയും പ്രകാശ ശേഭയിൽ, നെറ്റിപ്പട്ടത്തിൻ്റെ സ്വർണ്ണ തിളക്കവും പിന്നെ ആനകളുടെ
കുലുങ്ങി കുലുങ്ങിയുള്ള നടത്തവും , രാജകിയ പ്രൌഢി വിളിച്ചോതുന്ന തലയെടുപ്പും എല്ലാം കൂടി ഓര്‍ത്തപ്പോൾ തന്നെ പ്രവാസ ജീവിത്തിലെ ലോക്ഡൗൺ നഷ്ടങ്ങളിലെ എന്തോ ഒരു വലിയ ഒന്നഒന്നാണ് കൈയ്യിൽ നിന്നു നഷ്ടപ്പെട്ട പോലെ.രാത്രിയിലെ എഴുന്നെള്ളിപ്പിന് മാത്രമല്ല ഭംഗി പകലിനും അതിൻ്റെതായ ഭംഗിയുണ്ട്, ആനകൾ ഒറ്റക്കായാലും, കൂട്ടായിട്ടായാലും നടന്നു വരുന്നത് കാണുന്നത് കണ്ണിനും മനസ്സിനും ആനന്ദകരം തന്നെയാണ്.


വളരെ വലിപ്പം കൂടിയ തൂണുകൾ പോലെയാണ് ആനയുടെ കാലുകൾ. കാലുകൾ നേരെയുള്ളവയായതിനാൽ ആനയ്ക്ക് നിൽക്കാൻ ആയാസപ്പെടേണ്ടി വരാറില്ല. ഇക്കാരണത്താൽ ആനകൾക്ക് തുടർച്ചയായി ഏറെനേരം ക്ഷീണമില്ലാതെ നിൽക്കാൻ കഴിയും. ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ. എന്നാൽ ഏഷ്യൻ ആനകൾ ഇടയ്ക്കിടക്ക് കിടക്കാറുണ്ട്.

ആനയുടെ കാൽപ്പാദങ്ങൾക്ക് ഏകദേശം വൃത്താകൃതിയാണ്.വിരലില്ലാതെ നഖങ്ങളുള്ള ഒരേ ഒരു ജീവിയാണ്. ആന ആഫ്രിക്കൻ സവാന ആനകൾക്ക് പിൻ‌കാലുകളിൽ മൂന്നു വീതവും മുൻ‌കാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും. ആഫ്രിക്കൻ കാട്ടാനകൾക്കും, ഏഷ്യൻ ആനകൾക്കും പിന്നിൽ നാലു വീതവും മുന്നിൽ അഞ്ചു വീതവും ആണ് നഖങ്ങൾ ഉണ്ടാകുക.വളരെ വളരെ വിരളമായി 20 നഖങ്ങളുള്ള ആനകളെ കാണാറുണ്ട്.ആനയുടെ കാല്പാദം വളരെ കട്ടിയുള്ളതും കൊഴുപ്പ് നിറഞ്ഞതും ആണ്. ഇത് ആനയെ പാറ പോലുള്ള പ്രതലങ്ങളിലും മണല്‍ പോലെയുള്ള പ്രതലങ്ങളിലും നടക്കാന്‍ സഹായിക്കുന്നു.\


പാദങ്ങളുടെ എല്ലുകൾ‍ക്കുള്ളിലുള്ള വളരെ കട്ടിയുള്ളതും ജെലാറ്റിൻ പോലുള്ളതുമായ കൊഴുപ്പ് മെത്ത പോലെ പ്രവർത്തിച്ച് ആഘാതങ്ങൾ താങ്ങാൻ സഹായിക്കുന്നു. ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീ‍തി കൂടുതലായിരിക്കും. ഭാരമില്ലാത്ത അവസ്ഥയിൽ പാദങ്ങൾക്ക് വീതി കാലിന്റേതിന് തുല്യമായിരിക്കും. കാൽ പൊക്കുമ്പോൾ പാദങ്ങൾ ചെറുതാകുമെന്നതിനാൽ ചളിയിൽ പൂണ്ട് പോയാലും കാല് എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും.


വെള്ളത്തില്‍ കളിക്കാന്‍ ആനകള്‍ക്ക് വളരെ ഇഷ്ടമാണ്. വളരെ നേരം നീന്താനും ആനകള്‍ക്ക് കഴിയും. ചളിയില്‍ കിടന്നുരുളാനും ആനകള്‍ക്ക് വളരെ താല്പര്യമാണ്.
ആനകള്‍ കാട്ടില്‍ ഭക്ഷണത്തിനും, തണലിനും, വെള്ളത്തിനുമായി ഒരുപാട് ദൂരം ദിവസവും നടക്കാറുണ്ട്. ഒരുപാട് ഭക്ഷണം വേണമെന്നതിനാല്‍ ഈ നടത്തം ദിവസവും ആവശ്യമായി വരുന്നു. ദിവസം ശരാശരി രണ്ടു മുതൽ മുപ്പതോ അതിൽ കൂടുതലോ കിലോമീറ്റർ ദൂരം വരെ നടത്തം. ഇത് ഭക്ഷണജല ലഭ്യതക്കനുസരിച്ച് മാറാം.കുറഞ്ഞത് ദിവസം പതിനഞ്ച് മുതൽ പതിനാറു മണിക്കൂർ വരെ തീറ്റതേടും. കിട്ടിയ ഭക്ഷണം വൃത്തിയാക്കി തിന്നും.


പക്ഷെ ഒരേ സ്ഥലത്ത് തന്നെ അവിടത്തെ ഭക്ഷണം തീരുന്നതു വരെ നില്‍ക്കുന്ന സ്വഭാവം ആനകള്‍ക്കില്ല.
ആനകള്‍ വളരെ പതുക്കയേ നടക്കാറുള്ളൂ. വേഗത ഉദ്ദേശം മണിക്കൂറിൽ നാലു കി.മി.പക്ഷെ ആനയ്ക്ക്, മനുഷ്യരില്‍ ഏറ്റവും വേഗം കൂടിയ നൂറുമീറ്റര്‍ ഓട്ടക്കാരനേക്കാൾ വേഗത്തില്‍ ഓടാന്‍ കഴിയും.കയറ്റങ്ങൾ കേറാനും കഴിയുമെങ്കിലും തുള്ളാനോ ചാടാനോ പെട്ടെന്ന് ഓടുമ്പോൾ നല്ല വേഗം ആർജ്ജിക്കാനോ കഴിയില്ല. ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനേക്കാളും വേഗത്തിൽ ഓടാൻ ആനയ്ക്കു കഴിയുമെങ്കിലും ഒരേ വേഗതയിൽ ഓടാനേ ആനകൾക്ക് കഴിയൂ,വേഗം ഇഷ്ടം പോലെ കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മറ്റു മൃഗങ്ങൾ വളരെ കുറവാണ്.

സാധാരണ വേഗത്തിൽ സഞ്ചരിക്കുന്ന ആനകൾ രണ്ടു മുതൽ നാലു മൈലുകൾ വരെ (മൂന്നു തൊട്ട് ആറു കിലോമീറ്റർ ) മണിക്കൂറിൽ വേഗം ആർജ്ജിക്കാറുണ്ട്. പക്ഷേ ഓടുന്ന സമയത്ത് ആനയ്ക്ക് മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വരെ വേഗം ഉണ്ടാകും.കാട്ടാനകൾ കൂട്ടത്തോടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു.
ഒറ്റയാൻ ഒരുപാട് സഞ്ചരിക്കും. 180-200 ചതുരശ്ര കിലോമീറ്ററാണ് ഇവന്റെ സഞ്ചാരപ്രദേശം.
കുന്ന് നിരങ്ങി ഇറങ്ങാറുണ്ട്. ചെങ്കുത്തായ പാറകളിൽ വരെ ആനയെ ഇറങ്ങുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

വ്യായാമം ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും.നമ്മൾ മീഡിയകളിലും പത്രങ്ങളിലും വായിച്ചുകാണും അടുത്തിടയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം ആനകളുടെ
വ്യായാമ നടത്തം വ്യാപകമാക്കി. ദേവസ്വങ്ങളും ഉടമകളും ലോക്ഡൗൺകാലത്ത് ആനകളെ നിശ്ചിത സമയം നടത്തിക്കുന്നത് നിർബന്ധിതമാക്കി. എഴുന്നള്ളിപ്പും നടത്തവുമില്ലാതെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുമ്പോൾ ആനകൾക്ക് എരണ്ടക്കെട്ട് (ദഹനക്കേട്) രോഗം പിടിപെടാനുള്ള സധ്യത കണക്കിലെടുത്താണിത്. രാവിലെയും വൈകിട്ടുമാണ് ആന നടത്തം. മനുഷ്യനിലായാലും മൃഗങ്ങൾ ആയാലും ആഹാരം കഴിക്കുന്നതോടൊപ്പം വ്യായാമം നിർബന്ധമാണ് ആണ്. ദിവസവും രാവിലെയും വൈകിട്ടും ആനകളെ നടത്തിക്കണ്ടേതാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ആനകളുള്ളത് ഗുരുവായുർ ദേവസ്വത്തിനാണ്.47 ആനകളുള്ള ഇവിടെ ആനകളെ ദേവസ്വത്തിന്റെ ആനക്കോട്ടയിലാണ് നടത്തിക്കുന്നത്. ഓരോ ആനകളുള്ളവരും ആനകെളെ നടത്തിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ആനകളുടെ എരണ്ടക്കെട്ട് ഗുരതരമായ രോഗാവസ്ഥയാണ്.

ഒരു ചെറിയ കഥയിലൂടെ ....
ഒരിക്കല്‍ ഒരു ആന കുഴിയുടെ അടുത്ത് കല്‍ നാട്ടാന്‍ വന്നപ്പോള്‍ അത് നാട്ടാതെ നിന്നു.ചട്ടക്കാരൻ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കാല്‍ നാട്ടിയില്ല. പിന്നീടുള്ള പരിശോധനയില്‍ ആ കുഴിയില്‍ ഒരു നായ കിടന്നുറങ്ങുന്നത് കണ്ടു. നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആന ആ കുഴുയില്‍ കാല്‍നാട്ടി.
ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത് ആനകളും മനുഷ്യരെപോലെയാണ് എന്നതാണ്.
ആനക്കാര്യങ്ങൾ എത്ര കൊല്ലം പറഞ്ഞാലും തീരില്ല,ആനയോളം ആനക്കാര്യങ്ങൾ.
ഇനിയും ഒരുപാട് ആന കഥകൾ ബാക്കി..............
...ഹാരിസ് നൂഹൂ...

1 Comments

Previous Post Next Post

نموذج الاتصال