‘അധികാര’ത്തർക്കം 
മുറുകി കോൺഗ്രസ്‌ ; പഞ്ചാബിലും ഛത്തീസ്‌ഗഢിലും വിമതനീക്കം ശക്തം


ന്യൂഡൽഹി
ഭരണത്തിലുള്ള പഞ്ചാബിലും ഛത്തീസ്ഗഢിലും കോൺഗ്രസിൽ തമ്മിലടി അതിരൂക്ഷമായി. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബിൽ വിമതർ ചൊവ്വാഴ്ച പരസ്യമായി യോഗംചേര്ന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. നാല് മന്ത്രിമാര് പങ്കെടുത്തു.

ഒത്തുതീർപ്പെന്ന നിലയിൽ വിമതപക്ഷത്തെ നവ്ജ്യോത് സിങ് സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കിയതിന് പിന്നാലെയാണ് വീണ്ടും അടി കനത്തത്. യോ​ഗത്തില് നിന്നും സിദ്ദു വിട്ടുനിന്നു. മന്ത്രി തൃപ്ത് രജീന്ദർ ബജ്വയുടെ വസതിയിലായിരുന്നു യോഗം. മന്ത്രിമാരായ സുഖ്ജീന്ദർ സിങ് രൺധാവ, ചരൺജിത്ത് സിജ് ചന്നി, സുഖ്ബീന്ദർ സിങ് സർക്കാരിയ, പിസിസി ജനറൽ സെക്രട്ടറി പർഗത് സിങ് തുടങ്ങിയവർ പങ്കെടുത്തു. 41 എംഎൽഎമാർ യോഗത്തിനെത്തിയെന്ന് ബജ്വ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെട്ട് മുതിർന്ന നേതാവും ആരോഗ്യമന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തു വന്നതോടെയാണ് ഛത്തീസ്ഗഢ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായത്. മുഖ്യമന്ത്രി ഭൂപേഷ് സിങ് ഭാഗെൽ രണ്ടര വർഷത്തിനുശേഷം മാറുമെന്നായിരുന്നു ധാരണയെന്നും ഇത് ലംഘിച്ചെന്നുമാണ് ദേവിന്റെ ആക്ഷേപം. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ പാർടി വിടുമെന്നാണ് ദേവിന്റെ ഭീഷണി. രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇരുവരെയും കണ്ടു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാകുമെന്ന ഉറപ്പ് ഭാഗെലിന് ലഭിച്ചില്ല.

അധികാരമില്ലാത്ത കേരളത്തില് ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടികയെച്ചൊല്ലിയാണ് കോണ്​ഗ്രസിൽ പരസ്യ ഏറ്റുമുട്ടൽ. രമേശ്ചെന്നിത്തലയെയും മകനെയും പുറത്താക്കണമെന്ന് കോൺഗ്രസ് സൈബർ ഒഫിഷ്യൽ ടീം ഫെയ്സ് ബുക്കിൽ കുറിച്ചു.

Previous Post Next Post

نموذج الاتصال