ഭീമ കൊറേഗാവ്‌ കേസ് : വധശിക്ഷ കിട്ടാവുന്ന കുറ്റം 
ചുമത്തണമെന്ന് എന്‍ഐഎ


ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ പ്രതിചേര്ക്കപ്പെട്ടവര്ക്കെതിരെ ചുമത്താവുന്ന കുറ്റങ്ങളുടെ കരട് എൻഐഎ പ്രത്യേക കോടതിയില് സമർപ്പിച്ചു. വധശിക്ഷവരെ ലഭിക്കാവുന്ന 17 കുറ്റമാണ് പ്രതികൾക്കെതിരെ എൻഐഎ ആരോപിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ടെന്ന ആരോപണം തെളിച്ചുപറയുന്നില്ല. പകരം പ്രതികള് പൊതുപ്രവർത്തകനെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് പരാമർശിക്കുന്നു. രാജ്യത്തിനെതിരായ യുദ്ധം നടത്തി എന്നതാണ് ആരോപിക്കപ്പെടുന്ന പ്രധാനകുറ്റം. ഈ കുറ്റങ്ങൾ വിലയിരുത്തി ഏതെല്ലാം വകുപ്പില് പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി തീരുമാനിക്കും.

മലയാളികളായ റോണാ വിൽസൺ, ഹണി ബാബു, അധ്യാപകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡെ, അഭിഭാഷക സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, വരവര റാവു, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെൻ, സുധീർ ധാവലെ, വെർണോൺ ഗോൺസാൽവസ് എന്നിവരടക്കം 15 പേരാണ് പ്രതികൾ. തടവിൽ കഴിയവെ മരിച്ചതിനാൽ കത്തോലിക്ക പുരോഹിതൻ ഫ. സ്റ്റാൻ സ്വാമിയെ ഒഴിവാക്കി. സ്റ്റാൻ സ്വാമി അടക്കമുള്ളവർക്ക് ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾപോലും നിരാകരിച്ചത് വിവാദമായിരുന്നു.പതിനായിരം പേജ് കുറ്റപത്രം എൻഐഎ നേരത്തേ സമർപ്പിച്ചിരുന്നു. പ്രതികള് നിരോധിത സിപിഐ–- മാവോയിസ്റ്റ് അംഗങ്ങളാണെന്ന് എൻഐഎ ആരോപിച്ചു. റഷ്യൻ–- ചൈനീസ് നിർമിത ഗ്രനേഡ് ലോഞ്ചറുകൾ അടക്കം അത്യാധുനിക ആയുധം കടത്തി. അതിനായി എട്ടു കോടി സമാഹരിക്കാൻ ശ്രമിച്ചു തുടങ്ങിയവ കരട് കുറ്റങ്ങളിലുണ്ട്.

Previous Post Next Post

نموذج الاتصال