കാസർകോട്‌ 
ഡിസിസി പ്രസിഡന്റ്‌; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം ശക്തം

കാസർകോട് > ഡിസിസി പ്രസിഡന്റായി ഖാദർ മാങ്ങാടിനെ നിയമിക്കുന്നതിന് ഡൽഹിയിൽ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പ്രതിഷേധം ശക്തമാക്കി നേതാക്കൾ. എംപിയുടെ വാക്ക് കേട്ട് ഖാദർ മാങ്ങാടിനെ പ്രസിഡന്റാക്കിയാൽ ജില്ലയിലെ കോൺഗ്രസിൽ ഗുരുതരമായി പ്രത്യാഘാതമുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഖാദർ മാങ്ങാടിന് പുറമേ കെ നീലകണ്ഠനാണ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്നത്.
കെപിസിസി നൽകിയ പട്ടികയിൽ ഖാദറിന്റെ പേര് മാത്രമാണുള്ളത്. കുറേ വർഷങ്ങളായി സജീവ രാഷ്ട്രീയത്തിലില്ലാത്ത ഖാദറിന് ഡിസിസി നേതാക്കളുടെ പിന്തുണയില്ല. കെ നീലകണ്ഠന് വേണ്ടി ഡിസിസി നേതാക്കളാണ് സമ്മർദം ചെലുത്തുന്നത്. ഹക്കീമിനെയും അനുകൂലികളെയും ഡിസിസി ഓഫീസിൽ നിന്ന് ഒഴിപ്പിക്കുന്നതിനാണ് എംപിയുടെ ശ്രമം. എംപി ആയത് മുതൽ നിരന്തരം ഏറ്റുമുട്ടലിലാണ് എംപിയും ഡിസിസിയും. ഹക്കീമിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ ജില്ലയിലെ കെപിസിസി ഭാരവാഹികൾ ഹൈക്കമാൻഡിന് കത്തയച്ചതും എംപിയുടെ നിർദേശപ്രകാരമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
എംപി ആയത് മുതൽ ഹക്കിമിനെ മാറ്റണമെന്ന് പറഞ്ഞ് നടന്നയാളാണ് ഉണ്ണിത്താൻ. എംപിയുടെ എല്ലാ നീക്കങ്ങളും തകർത്താണ് ഹക്കീം ഇതുവരെ പിടിച്ചുനിന്നത്. ഖാദർ മാങ്ങാടിനെ കൊണ്ടുവന്ന് തങ്ങളെയൊക്കെ വെട്ടാമെന്നത് എംപിയുടെ വ്യാമോഹമാണെന്നും എംപിക്ക് സംഘടനയല്ല സ്വന്തം കാര്യം നടക്കലാണ് ലക്ഷ്യമെന്നും എതിർ പക്ഷം പറയുന്നു.
Previous Post Next Post

نموذج الاتصال