കർണ്ണൻ ഓർമ്മകളിൽ

 

കർണ്ണൻ ഓർമ്മകളിൽ

***********************



മംഗലാംകുന്ന് കർണൻ; തലയെടുപ്പിന്റെ ആനപ്പൊക്കം...നിലവിന്റെ മഹാരാജാവ് എന്നൊക്കെ അറിയപ്പെടുന്നു ആന പൊക്കത്തിൻ്റെ വേറിട്ട ഭാവം നമ്മളെയെല്ലാം വിട്ടു പിരിഞ്ഞിട്ട് ആറുമാസത്തോടടുക്കുന്നു.

ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ തമ്പുരാൻ ആയിരുന്നു മംഗലാംകുന്ന് കര്‍ണന്‍,ചെരിയുന്നത് ജനുവരി മാസം അവസാനം. എന്നാൽ ഒന്നുറപ്പ്, കർണ്ണൻ്റെ നഷ്ടം ആനപ്രേമികളെ സംബന്ധിച്ച് ഒരു വലിയ ഒരു നഷ്ട്ടം തന്നെയാണ്. സത്യത്തിൽ ചെരിഞ്ഞിട്ട് ഇത്രയും ദിവസമായാട്ടും എത്ര എത്ര ആരാധകരാണ് വാട്ട്സ്പ്പ് ഗ്രൂപ്പുകളിൽ കർണ്ണൻ്റെ കാര്യങ്ങൾ ഇപ്പോഴും പറഞ്ഞു വരുന്നത്.ആനയും പൂരവുമൊക്കെ നെഞ്ചേറ്റി നടക്കുന്നവർക്ക് ഇപ്പേഴും വളരെ സങ്കടത്തിന്റെ ദിനങ്ങളാണ്.നിലവ്'കൊണ്ട് എറെ ശ്രദ്ധ നേടിയ ഒരു ആനയാണ് കർണൻ.

എഴുന്നള്ളത്തില്‍ നിരന്നു നില്‍ക്കുന്ന മറ്റാനകളേക്കാള്‍ അമരവും വാലും പുറത്തേക്ക് കാണാന്‍ സാധിക്കുമെന്നതാണ് കർണ്ണൻ്റെ പ്രതേകത.അതാണ് ഉത്സവ പറമ്പുകളുടെ ആവേശമായിരുന്നവൻ, മത്സരപൂരങ്ങളുടെ ചക്രവർത്തി എന്ന കർണ്ണൻ തലയൊന്നു പൊക്കി പിടിച്ചാൽ എത് ഉയരക്കേമനും ഒന്നു പേടിക്കുമായിരുന്നു...


പിന്നിട്ട വഴികളിൽ നിലാവിൽ പോലും നിലവിൻ്റെ പ്രതിരൂപം തീർത്തവൻ, വള്ളുവനാടിൻ്റെ പേരിനും പ്രശ്തിക്കും ചുക്കാൻ പിടിച്ചു ആന കേരളത്തിൻ്റെ കളഭരത്നം.കാലുമുള്ളിടത്തോളം കാലം കണ്ടാലും കണ്ടാലും മതിവരാത്ത വിസ്മയം തീർത്ത് ആരാധകരുടെ ഇടനെഞ്ചിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു കരിവീരചക്രവർത്തി,കേരളത്തിൻ്റ ഹൃദയഭൂമികയിൽ നിലക്കാത്ത പൂരാഘോഷങ്ങളുടെ കടലിരമ്പങ്ങളിലേക്ക് കടന്നു വന്നു രാജ സിംഹാസനം തീർത്ത് അരങ്ങൊഴിഞ്ഞ ഗജരാജചക്രവർത്തിയായി വാണിരുന്നവൻ ഇന്ന് ആനപ്രേമികളുടെ മനസ്സിൽ ഒരു ഓർമ്മയായി നിലകൊള്ളുന്നു... ഓർമകൾക്കു മരണമില്ലാതെ നമ്മുടെ എല്ലാം സ്വന്തമായിരുന്ന കർണ്ണൻ. 

ഒരു ചരിത്രം ചങ്ങലയും നെറ്റിപ്പട്ടവുമഴിച്ച് ഇതിഹാസമായി. ഇനി കർണൻ ആരാധകരുടെ ഓർമപ്പൊക്കത്തിൽ. ഉടലഴകിൽ മംഗലാംകുന്ന് കർണനു പകരം വയ്ക്കാൻ പലരുമുണ്ടായിരുന്നെങ്കിലും തലയെടുപ്പിൽ കർണനെ വെല്ലാൻ ആരുമില്ലായിരുന്നു. ഏതു കൊമ്പന്റെ കൂടെ നിന്നാലും ഇവനായിരുന്നു രാജാവ്.. നിലവിന്റെ മഹാരാജാവ്. (ഒരു ആനയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായാണ് തലയെടുപ്പ് അഥവാ നിലവ് എന്നതു സൂചിപ്പിക്കുന്നത്. ചട്ടക്കാരുടെ പ്രത്യേക നിർദ്ദേശമോ സമ്മർദ്ദമോ ഇല്ലാതെ ആന സ്വയം തലയെടുത്തുനിൽക്കുന്നതിനെയാണ് ഇതിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. നിർബന്ധങ്ങളില്ലാതെ സ്വാഭാവികമായ നിലവിൽ ആന നിൽക്കുമ്പോൾ തുമ്പി നിലത്ത് ഇഴയുകയോ, മുട്ടുകയോ വേണം. ചിട്ടയുള്ള എഴുന്നെള്ളിപ്പ് ഉത്സവങ്ങൾക്ക് ദേവീദേവന്മാരുടെ തിടമ്പ് വഹിക്കാൻ ലക്ഷണം,അഴക്‌, പ്രൗഡി, സ്വാഭാവിക നിലവ് എന്നിവ പരിഗണിച്ചാണ് ആനകളെ നിർണ്ണയിക്കുക) 


കർണനെന്നു പേരു കേട്ടാൽ ആവേശത്തിന്റെ പാണ്ടിയും പഞ്ചാരിയും കൊട്ടാൻ ആളുകളേറെയുണ്ടെങ്കിലും ഇതൊന്നുമായിരുന്നില്ല കർണന്റെ ഭൂതകാലം. ലക്ഷണത്തികവിൽ അത്ര കേമനല്ലായിരുന്നു. അതിന്റെ പേരിൽ അർഹമായ വിദ്യകളും സ്ഥാനമാനങ്ങളും പലയിടങ്ങളിലും നിഷേധിക്കപ്പെട്ടു... പിടിയാനയിൽ കൊമ്പു കുത്തിക്കേറ്റിയ പോലെയുണ്ടെന്ന പരിഹാസം കേട്ടു. എന്നാൽ കൊത്തിയെടുത്ത പോലെ മാറിയ കർണനെയായിരുന്നു പിന്നീട് പൂരപ്പറമ്പുകളിൽ കാണാനായത്. നിലവിന്റെ തമ്പുരാനെന്ന വിളിപ്പേരും വന്നു. 

കർണന്റെ തലയെടുപ്പ് കലർപ്പില്ലാത്തതായിരുന്നു. തലപ്പൊക്ക മത്സരങ്ങളിൽ പ്രമുഖരായ ആനകളെ പിന്നിലാക്കിയത് തോട്ടികൊണ്ടു കുത്തിയുയർത്തിയതോ ചെപ്പടിവിദ്യകൊണ്ടോ ആയിരുന്നില്ല. അവൻ തലയുയർത്തിയാൽ ഉയർന്നു തന്നെ നിൽക്കും. എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപ് കാണേണ്ടതു തന്നെ. ഉടൽ നീളവും കർണന്റെ മറ്റൊരു പ്രത്യേകത.



പേരുകളേറെ, കർണാപ്പിയെന്ന ഓമനപ്പേര്

******************************************

കലികാലകട്ടബൊമ്മൻ, മാതംഗ മാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ തുടങ്ങി വിളിപ്പേരുകളേറെയുണ്ടെങ്കിലും ഇഷ്ടക്കാർക്ക് ഇവൻ കർണാപ്പിയാണ്. നാടിനെയാകെ ആവേശത്തിലാകുന്ന ഈ പൊന്നുതമ്പുരാനെ ‘കർണാപ്പിയെന്ന ’ ഓമനപ്പേരിൽ വിളിക്കും. 


സൂപ്പർതാരമാണെങ്കിലും ശീലങ്ങളിൽ കൊച്ചുകുട്ടിയാണ് കർണൻ. അടിക്കുന്നത് കക്ഷിക്ക് വലിയ വിഷമമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തിരി ഒച്ചയെടുക്കേണ്ടി വന്നാലും പിണങ്ങി നിൽക്കുന്ന കുട്ടിയാകും കർണനെന്ന് ആരാധകർ പറയുന്നു. ഭക്ഷണത്തോടും വലിയ ആർത്തിയില്ല. തോന്നിയമാതിരി ഭക്ഷണം കഴിക്കുന്ന ശീലവും കർണനില്ല. ശുദ്ധമായ വെള്ളം തന്നെ വേണമെന്നതാണ് ആശാന്റെ പ്രത്യേകത. ആർക്കും വലിയ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാൻ‍ കഴിയുമായിരുന്നു. നീര് സമയത്ത് അത്രവാശിയോ ശാഠ്യമോ ഇല്ലായിരുന്നു. 

കോവിഡ് മൂലം എഴുന്നള്ളപ്പുകൾ കുറഞ്ഞതോടെ കർണന് വിശ്രമമായിരുന്നു. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. വാർധക്യകാല രോഗങ്ങൾ അലട്ടിയിരുന്നതിനാൽ ചികിത്സയോടൊപ്പം നല്ല വിശ്രമവും കിട്ടി. കർണനെ കാണാനായി മാത്രം ഏറെ പേർ എത്തിയിരുന്നെങ്കിലും പിന്നീട് സന്ദർശകരെ കുറയ്ക്കേണ്ടി വന്നു. എന്നിരുന്നാലും തറവാട്ടിലേക്കും ഓഫിസിലേക്കും രാജ്യത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ‌‌ കർണാപ്പിയെ അന്വേഷിച്ചു വിളിക്കുമായിരുന്നു. 


നാടനല്ലെങ്കിലും നെഞ്ചിലേറി

*****************************

നാട്ടിലെ പൂരങ്ങൾക്കെല്ലാം കർണൻ വേണമായിരുന്നെങ്കിലും നാടൻ ആനയായിരുനനില്ല കർണൻ. ഉത്തരേന്ത്യയിൽ നിന്നാണ് ഇവൻ കേരളത്തിലെത്തുന്നത്. ബിഹാറിൽ നിന്ന് നാണു എഴുത്തച്ഛൻ കേരളത്തിലേക്കെത്തിച്ചു. തുടർന്ന് മനിശ്ശേരി ഹരിദാസിന്റെ കൈവശത്തിൽ മനിശ്ശേരി കർണനെന്ന പേരിൽ അറിയപ്പെട്ട ശേഷമാണ് മംഗലാംകുന്ന് തറവാട്ടിലേക്ക് എത്തുന്നത്. അതിനു ശേഷമാണ് ഇവന്റെ രാജയോഗം തെളിയുന്നത്. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആനകളുള്ള മംഗലാംകുന്ന് തറവാടിന്റെ പൊന്നുതമ്പുരാനായിരുന്നു കർണൻ. 


ശാന്തഗംഭീരൻ

***************

കർണനെക്കുറിച്ച് ഓർമകളേറെ പറയാനുണ്ട് പ്രമുഖ ആന ചികിത്സകനായ കേരള വെറ്ററിനറി സർവകലാശാലയിലെ ഡോ.ടി.എസ്.രാജീവിന്. കർണനെ ദീർഘകാലം ചികിത്സിച്ചത് ഇദ്ദേഹമായിരുന്നു. ആളുകളെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് കർണനുണ്ടായിരുന്നതായി ഇദ്ദേഹം പറയുന്നു. മരുന്നും ഭക്ഷണവുമെല്ലാം മടികൂടാതെ കഴിക്കും. പരിശോധനയ്ക്കെല്ലാം നന്നായി സഹകരിക്കും. ആളുകളോട് നല്ലപോലെ ഇണങ്ങുന്ന രീതിയുള്ളതുകൊണ്ടാണ് എഴുപ്പള്ളിപ്പുകളിൽ തലയുയർ‌ത്തി തന്നെ നിൽക്കുന്ന ശീലം ഇവനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

വിസ്മയങ്ങളിലൂടെ വിസ്മയങ്ങളുടെ കാണാകാഴ്ച്ചകൾ നമുക്ക് സമ്മാനിച്ച വിസ്മയങ്ങളുടെ തമ്പുരാൻ

കർണ്ണൻ ആനപ്രേമികളുടെ സ്വന്തം, ഇതിഹാസത്തിൻ്റെ നായകൻ കാലത്തിൻ്റെ ഇതിഹാസങ്ങളിലുടെ ഇതിഹാസ ചക്രവർത്തിയായി മരണമില്ലാത്ത ഓർമ്മകൾ മാതംഗ സാമ്രാജ്യത്തിന് സമ്മാനിച്ചവൻ ഇനിയും ജീവിക്കും ആനപ്രേമികളുടെ മനസ്സുകളിലൂടെ ഒരായിരം വർഷം....

കടപ്പാട്.... രമേഷ് എഴുത്തച്ഛൻ/ഹാരിസ് നൂഹൂ...

ആനകഥകൾക്കു വേണ്ടി ഹാരിസ് നൂഹൂ...

Previous Post Next Post

نموذج الاتصال